Latest News

ഒടുവില്‍ മേനകക്കും അഭിനന്ദിക്കേണ്ടിവന്നു; മലപ്പുറത്തിന്റെ നന്മയെ

നേരത്തെ പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു കടിച്ചു ആന ചെരിഞ്ഞ സംഭവത്തിന്റെ പേരില്‍ മലപ്പുറം ജില്ലയെ മോശമാക്കി മേനക പ്രതികരിച്ചിരുന്നു.

ഒടുവില്‍ മേനകക്കും അഭിനന്ദിക്കേണ്ടിവന്നു; മലപ്പുറത്തിന്റെ നന്മയെ
X

കോഴിക്കോട്:മലപ്പുറം ജില്ലയെയും മലപ്പുറത്തുകാരെയും വളരെ മോശമായി ചിത്രീകരിച്ചു സംസാരിച്ച മേനക ഗാന്ധി എംപിക്ക് ഒടുവില്‍ മലപ്പുറത്തിന്റെ നന്മയെ അംഗീകരിക്കേണ്ടിവന്നു. കരിപ്പൂര്‍ വിമാന അപകട സമയത്ത് നാട്ടുകാര്‍ നടത്തിയ രക്ഷ പ്രവര്‍ത്തനത്തെ കുറിച്ച് മൊറയൂര്‍ യൂത്ത് ലീഗ് സെക്രട്ടറി അബ്ബാസ് വടക്കന്‍ അയച്ച ഇ- മെയ്‌ലിന് നല്‍കിയ മറുപടിയില്‍ ആണ് മേനക മലപ്പുറത്തുകാരെ അഭിനന്ദിച്ചത്.

കഴിഞ്ഞ ദിവസമാണ് അബ്ബാസ് വിമാന അപകട സമയത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിശദമാക്കി മേനക ഗാന്ധിക്ക് കത്ത് അയച്ചത്. തീ ഗോളമായി മാറിയേക്കാവുന്ന വിമാനത്തിനകത്ത് ഓടിക്കയറി കോവിഡിനെ ഭയക്കാതെ ജാതി, മതം മറന്ന് ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതായിരുന്നു ഇ മെയില്‍. അതിനുള്ള മറുപടിയിലാണ് വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വമാണ് മലപ്പുറത്ത് നിന്ന് ഇനിയും പ്രതീക്ഷിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞത്.

നേരത്തെ പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു കടിച്ചു ആന ചെരിഞ്ഞ സംഭവത്തിന്റെ പേരില്‍ മലപ്പുറം ജില്ലയെ മോശമാക്കി മേനക പ്രതികരിച്ചിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. അതിനെ തുടര്‍ന്നും കാര്യങ്ങള്‍ വിശദമാക്കി അബ്ബാസ് വടക്കന്‍ മേനകക്ക് കത്തയച്ചിരുന്നു. മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞതെന്നുമായിരുന്നു അന്ന് മേനക നല്‍കിയ വിശദീകരണം.

Next Story

RELATED STORIES

Share it