Latest News

ഗുജറാത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 93 മണ്ഡലങ്ങള്‍

ഗുജറാത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 93 മണ്ഡലങ്ങള്‍
X

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഗാന്ധിനഗറും, അഹമ്മദാബാദും അടക്കമുള്ള മധ്യഗുജറാത്തും ഉത്തര ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കമുള്ളവരാണ് രണ്ടാം ഘട്ടത്തില്‍ മല്‍സര രംഗത്തുള്ള പ്രമുഖര്‍. ആകെ 833 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. രാവിലെ 8 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും.

രണ്ടാം ഘട്ടത്തില്‍ ആകെ 2.51 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. അതില്‍ 1.22 കോടി സ്ത്രീകളാണ്. മാത്രമല്ല, 18നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 5.96 ലക്ഷം വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍ വിരാംഗം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി വഡ്ഗാമില്‍ നിന്നും മല്‍സരിക്കും. 2.51 കോടി വോട്ടര്‍മാര്‍ അവസാന ഘട്ടത്തില്‍ ജനവിധി നിര്‍ണയിക്കും. 26,409 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 10,000 പോലിസുകാരെയും 6,000 ഹോം ഗാര്‍ഡുകളെയും 112 കമ്പനി കേന്ദ്രസേനയേയും ഒരുക്കി. ഈ മാസം 8 നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

കാല്‍നൂറ്റാണ്ടിലധികമായി തുടരുന്ന ഭരണം നിലനിര്‍ത്താമെന്ന് ബിജെപി കണക്കുകൂട്ടുമ്പോള്‍ അട്ടിമറി വിജയമാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്. ആഴ്ചകള്‍ നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ഗുജറാത്തില്‍ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ്. കോണ്‍ഗ്രസ്- ബിജെപി പാര്‍ട്ടികള്‍ക്ക് പുറമെ ആം ആദ്മിയും ശക്തമായി മല്‍സരരംഗത്തുണ്ടെന്നാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരത്തിന് ചുക്കാന്‍ പിടിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരുന്നു എഎപിയുടെ താരപ്രചാരകന്‍. വേട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകീട്ട് അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അഹമ്മദാബാദിലെ റാണിപ് പ്രദേശത്തെ സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിങ് സ്‌റ്റേഷനില്‍ പ്രധാനമന്ത്രി തന്റെ വോട്ട് രേഖപ്പെടുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രിയും ഗാന്ധിനഗറില്‍ നിന്നുള്ള ബിജെപി എംപിയുമായ അമിത് ഷാ അഹമ്മദാബാദിലെ നാരണ്‍പുരയിലുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസില്‍ വോട്ട് രേഖപ്പെടുത്തും.

19 ജില്ലകളിലായി 89 സീറ്റിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് രേഖപ്പെടുത്തിയ പോളിങ് 63.33 ശതമാനമായിരുന്നു. ഇത് 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5.20% കുറവായിരുന്നു. കച്ച്‌സൗരാഷ്ട്ര മേഖലകളില്‍ അടക്കമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്തായിരുന്നു ആദ്യഘട്ട വോട്ടെടുപ്പിലെ പ്രധാന കേന്ദ്രം. ബിജെപിയുടെ ശക്തികേന്ദ്രമായ സൂറത്ത് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. അതുപോലെ ശ്രദ്ധേയമായ മറ്റൊരു പ്രധാന മണ്ഡലമാണ് മോര്‍ബി. ഇവിടെയാണ് ഒക്ടോബര്‍ 30 നുണ്ടായ തൂക്കുപാലം അപകടത്തില്‍ 135 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

ബിജെപി സ്ഥാനാര്‍ഥിയായി കാന്തിലാല്‍ അമൃതിയയും കോണ്‍ഗ്രസിന് വേണ്ടി ജയന്തിലാല്‍ പട്ടേലുമാണ് മല്‍സരിക്കുന്നത്. ആദ്യഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ കാന്തിലാലിന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് തൂക്കുപാലം അപകടം നടന്നിടത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ അദ്ദേഹം നദിയിലേക്ക് ചാടി ജനശ്രദ്ധ പിടിച്ചതോടെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്. 2017ല്‍ 93 ല്‍ 51 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 39 സീറ്റുകളാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it