Latest News

ഫാദര്‍ സ്റ്റാന്‍സ്വാമി; ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയെന്ന് പോപുലര്‍ ഫ്രണ്ട്

ഫാദര്‍ സ്റ്റാന്‍സ്വാമി; ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയെന്ന് പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യുട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യവ്യാപകമായി നിരപരാധികളായ പൗരന്‍മാര്‍ക്കു നേരെയുള്ള ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍സ്വാമി. കടുത്ത നീതി നിഷേധത്തിലൂടെയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടത്. എന്‍ഐഎയെ ചട്ടുകമാക്കി അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി നരേന്ദ്രമോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാര്‍ തടവിലിടുകയായിരുന്നു.

2018 ജനുവരി 1ന് പൂനൈയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സംഗമത്തില്‍ മാവോവാദി ബന്ധമാരോപിച്ചാണ് ഫാദര്‍ സ്റ്റാന്‍സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് രാജ്യദ്രോഹ കുറ്റവും ചുമത്തി. ജയിലിലെ കൊടിയ പീഡനവും രോഗബാധിനായ അദ്ദേഹത്തിന് മതിയായ ചികില്‍സ നല്‍കാന്‍ വൈകിപ്പിച്ചതുമാണ് മരണത്തിന് കാരണമായത്. അഞ്ചു പതിറ്റാണ്ട് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ധീരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെയാണ് സമൂഹത്തിന് നഷ്ടപ്പട്ടതെന്നും സി പി മുഹമ്മദ് ബഷീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ രാജ്യത്ത് തുടര്‍ന്നുവരുന്ന ദലിത് വിരുദ്ധ നയങ്ങളുടെ ഇരയാണ് സ്റ്റാന്‍ സ്വാമിയെന്നതില്‍ സംശയമില്ല. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ സമൂഹം എക്കാലവും ഓര്‍ക്കും. ഭീകര നിയമങ്ങളില്‍ കുരുങ്ങി അനന്തമായി വിചാരണ നേരിടുന്ന മുഴുവന്‍ ആളുകള്‍ക്കും ജാമ്യം അനുവദിക്കാന്‍ കോടതികള്‍ തയ്യാറാകണം.

ബിജെപിയുടെ ഭരണകൂട ഭീകരതയെ വിമര്‍ശിക്കുന്നവരെ തിരഞ്ഞുപിടിച്ച് തടവിലാക്കി നിശബ്ദരാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ട് ഭീകരനിയമങ്ങള്‍ നിയമങ്ങള്‍ ചാര്‍ത്തി നിരപരാധികളെ വേട്ടയാടുകയാണ്. ഇതിനെതിരായി യോജിച്ച ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it