Latest News

മയക്കുമരുന്ന് നല്‍കി തൊഴിലാളികളെക്കൊണ്ട് അടിമപ്പണി; കര്‍ഷക സമരക്കാര്‍ക്കെതിരേ പഞ്ചാബ് സര്‍ക്കാരിന് കത്തയച്ച് കേന്ദ്രം

മയക്കുമരുന്ന് നല്‍കി തൊഴിലാളികളെക്കൊണ്ട് അടിമപ്പണി; കര്‍ഷക സമരക്കാര്‍ക്കെതിരേ പഞ്ചാബ് സര്‍ക്കാരിന് കത്തയച്ച് കേന്ദ്രം
X

ന്യഡല്‍ഹി: കര്‍ഷകരുടെ അഞ്ച് മാസമായി തുടരുന്ന സമരത്തെ നേരിടാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെ കര്‍ഷകര്‍ മയക്കുമരുന്നു നല്‍കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിക്കുന്നുവെന്ന് പഞ്ചാബ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു. പഞ്ചാബിലെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കത്തയച്ചിരിക്കുന്നത്.

പഞ്ചാബിന്റെ അയല്‍ സംസ്ഥാനങ്ങളായ യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കടത്തിക്കൊണ്ടുവന്ന് മയക്കുമരുന്നു നല്‍കി അവരെക്കൊണ്ട് കൂടുതല്‍ സമയം അടിമപ്പണി ചെയ്യിക്കുന്നുവെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ബിഎസ്എഫ് 2019-20 കാലത്ത് മയക്കുമരുന്നുപയോഗിക്കുന്ന 59 പേരെ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയെന്നും അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് കര്‍ഷകര്‍ സ്ഥിരമായി മയക്കുമരുന്നു നല്‍കുന്ന വിവരം കണ്ടെത്തിയതെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ബിഎസ്എഫ് നല്‍കിയ റിപോര്‍ട്ടിനെക്കുറിച്ച് സംസ്ഥാനത്തിന് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ സമരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ബികെയു ദക്കൗണ്ടയുടെ ജനറല്‍ സെക്രട്ടറിയും ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ ജഗ്മോഹന്‍ സിങ് ആരോപിച്ചു. കര്‍ഷകസമരക്കാരുടെ പ്രതിച്ഛായ തകര്‍ക്കാനും നീക്കം നടക്കുന്നു.

മുന്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദല്‍ നേതാക്കളും കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ അപലപിച്ചു.

മാര്‍ച്ച് 17നാണ് ഇതുസംബന്ധിച്ച കത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപോര്‍ട്ട് ചെയ്തു.

''ഗുരുദാസ്പൂര്‍, അമൃത്സര്‍, ഫിറോസ്പൂര്‍, അബോഹര്‍ എന്നീ ജില്ലകളില്‍ നിന്നാണ് 58 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അവരെ ചോദ്യം ചെയ്തപ്പോള്‍ ്അവരില്‍ പലരും മാനസികനില തകര്‍ന്നവരോ ദുര്‍ബലചിത്തരോ ആയതായി കണ്ടെത്തി. അവര്‍ പഞ്ചാബിലെ ഗ്രാമങ്ങളില്‍ അടിമത്തൊഴിലാളികളായി പണിയെടുക്കുകയാണെന്ന് അവര്‍ സമ്മതിച്ചു. ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ചുറ്റുപാടില്‍ നിന്നാണ് ഇവര്‍ വരുന്നത്... മനുഷ്യക്കടത്ത് നടത്തുന്നവര്‍ ഇവരെ തങ്ങളുടെ നാട്ടില്‍ നിന്ന് പിടികൂടി കൂടുതല്‍ വരുമാനം വാഗ്ദാനം ചെയ്ത് പഞ്ചാബിലെ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. അവര്‍ക്ക് പഞ്ചാബില്‍ മോശപ്പെട്ട അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നു. വയലുകളില്‍ ദീര്‍ഘസമയം പണിയെടുക്കേണ്ടിയും വരും. മയക്കുമരുന്ന് നല്‍കിയാണ് ഇവരെ കൂടുതല്‍ പണിക്ക് ഉപയോഗിക്കുന്നത്''- കത്ത് തുടരുന്നു.

Next Story

RELATED STORIES

Share it