Latest News

ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കുടുംബം; അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഹരജി

നിലവില്‍ കൊവിഡ് 19ന് മാത്രമുള്ള ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. കണ്ണിലെ അണുബാധക്കുള്ള ചികിത്സ ഇതുവരെയും നല്‍കിയിട്ടില്ല. മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് കാഴ്ച ശക്തി നഷ്ടപ്പെടും

ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കുടുംബം; അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഹരജി
X

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചിട്ടുണ്ടെന്ന് കുടുംബം കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച ഹാനി ബാബുവിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് അദ്ദേഹത്തിന് ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടുണ്ടെന്ന് പറയുന്നത്.

ഹാനി ബാബുവിന്റെ കണ്ണിനുണ്ടായിരിക്കുന്ന അണുബാധ ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ഭാഗമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. 'ഹാനി ബാബുവിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കണ്ണിലെ അണുബാധ ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ഭാഗമാണ്. രോഗം ബാധിച്ച ശേഷവും ഒമ്പത് ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. ഇപ്പോള്‍ മുംബൈയിലെ ജി.ടി ആശുപത്രിയിലാണ് ഹാനി ബാബുവുള്ളത്. നിലവില്‍ കൊവിഡ് 19ന് മാത്രമുള്ള ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. കണ്ണിലെ അണുബാധക്കുള്ള ചികിത്സ ഇതുവരെയും നല്‍കിയിട്ടില്ല. മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് കാഴ്ച ശക്തി നഷ്ടപ്പെടും. ഹാനി ബാബു ഒരു പ്രൊഫസറാണ്,' അഭിഭാഷകന്‍ പറഞ്ഞു. വിര്‍ച്വല്‍ മീറ്റിംഗ് വഴിയാണ് മുംബൈ കോടതി ഹരജി പരിഗണിച്ചത്. വാദം നടക്കുമ്പോള്‍ ജി.ടി ആശുപത്രി ഡീനിനോട് ഹാജരാകാനും കോടതി അറിയിച്ചിട്ടുണ്ട്.

മെയ് മൂന്നിന് ഹാനി ബാബുവിന് ഇടതു കണ്ണില്‍ നീര് വരുകയും പിന്നീട് അത് ഡബിള്‍ വിഷനിലേക്കും വലിയ വേദനയിലേക്കും മാറുകയായിരുന്നെന്നും കുടുംബം പറയുന്നു. മെയ് 11 ആയപ്പോഴേക്കും ഹാനി ബാബുവിന് നീര് കൂടുകയും ഇടതു കണ്ണുപയോഗിച്ച് കാണാന്‍ പറ്റാത്ത സ്ഥിതിയാവുകയും ചെയ്തു. അതേ സമയം തന്നെ കവിളിലേക്ക് പഴുപ്പ് പടരാന്‍ തുടങ്ങിയിരുന്നെന്നും കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നിരവധി തവണ അധികൃതരോട് അഭ്യര്‍ത്ഥിച്ച ശേഷമാണ് മെയ് 13ന് ഹാനി ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായതെന്നും കുടുംബം ആരോപിച്ചു.

Next Story

RELATED STORIES

Share it