Latest News

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി

117 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അസം മനുഷ്യാവകാശ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
X

അസം: അസമില്‍ പോലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രിം കോടതി. 117 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അസം മനുഷ്യാവകാശ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരേ അഭിഭാഷകന്‍ ആരിഫ് യെസിന്‍ ജ്വാഡര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി,ഇരയുടെ മേല്‍ അധികാരികള്‍ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം നടത്തുന്നത് നിയമവിധേയമാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

'നടന്ന സംഭവങ്ങളില്‍ ചിലതില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരിക്കാമെന്ന ആരോപണം ഗൗരവമുള്ളതാണ്, തെളിയിക്കപ്പെട്ടാല്‍ അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഗുരുതരമായ ലംഘനമാകും. നീതിയുക്തവും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തിയാല്‍, ഈ കേസുകളില്‍ ചിലത് ആവശ്യവും നിയമപരമായി ന്യായീകരിക്കാവുന്നതുമായി മാറിയേക്കാം ,' എന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ആരോപിക്കപ്പെട്ട സംഭവങ്ങളിലെ ഇരകള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് കോടതി പറഞ്ഞു. ഈ കാര്യത്തില്‍, പൊതു അറിയിപ്പ് പുറപ്പെടുവിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു.

അസമിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ , കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, കുറ്റവാളികളില്‍ 10 ശതമാനം പേര്‍ക്ക് മാത്രമേ പോലിസ് നടപടികളില്‍ പരിക്കേറ്റിട്ടുള്ളൂവെന്നും ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണെന്നുമായിരുന്നു നേരത്തെ അസം സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

Next Story

RELATED STORIES

Share it