Latest News

തന്നെയും മുല്ലപ്പള്ളിയേയും പാര്‍ട്ടി പ്രതിരോധിച്ചില്ല: ചെന്നിത്തല; കോണ്‍ഗ്രസില്‍ പുതിയ പോര്‍ മുഖം തുറന്ന് രമേശ് ചെന്നിത്തലയുടെ കുറിപ്പ്

പിന്തിരിഞ്ഞു നോക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ലെന്നും രാജി സന്നദ്ധത വ്യക്തമാക്കി കൊണ്ടുള്ള ഫേസ് ബുക്ക് കുറിപ്പില്‍ ചെന്നിത്തല പറയുന്നു.

തന്നെയും മുല്ലപ്പള്ളിയേയും പാര്‍ട്ടി പ്രതിരോധിച്ചില്ല: ചെന്നിത്തല; കോണ്‍ഗ്രസില്‍ പുതിയ പോര്‍ മുഖം തുറന്ന് രമേശ് ചെന്നിത്തലയുടെ കുറിപ്പ്
X
പി സി അബ്ദുല്ല

കോഴിക്കോട്: താനും മുല്ലപ്പള്ളിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരേ വേണ്ട വിധത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടിക്ക് ആയില്ലെന്ന് രമേശ് ചെന്നിത്തല.

പിന്തിരിഞ്ഞു നോക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ലെന്നും രാജി സന്നദ്ധത വ്യക്തമാക്കി കൊണ്ടുള്ള ഫേസ് ബുക്ക് കുറിപ്പില്‍ ചെന്നിത്തല പറയുന്നു.

നിയമസഭ പരാജയത്തിനു ശേഷം മുല്ലപ്പള്ളി കൂടുതല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പരാജയത്തിന് ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠ, അചഞ്ചലമായ പാര്‍ട്ടി കൂറ്, ചടുലമായ നീക്കങ്ങള്‍, കഴിവ്, ഇതൊന്നും വിലയിരുത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യം, പ്രവര്‍ത്തന ക്ഷമത ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. എന്നോടോ ഉമ്മന്‍ചാണ്ടിയോടോ മറ്റു പ്രധാന നേതാക്കളോടോ ചര്‍ച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും കൈകൊണ്ടിട്ടില്ല. അതിനര്‍ത്ഥം ഈ തീരുമാനത്തിന്റെ നേട്ടത്തിലും കോട്ടത്തിലും എല്ലാ നേതാക്കന്മാര്‍ക്കും ഒരേപോലെ പങ്കാളിത്വം ഉണ്ടെന്നാണ്.

സോഷ്യല്‍ മീഡിയ വഴി ആരെയും ആക്ഷേപിക്കാന്‍ സാഹചര്യമുള്ളതിനാല്‍ മുല്ലപ്പള്ളിയുടെ നല്ലവശം ആരും ശ്രദ്ധിച്ചില്ല. വളരെ ശ്രമകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

കടത്തനാടിന്റെ മണ്ണിന്റെ കരുത്തുമായി പോരാടിയ വ്യക്തിയാണ് അദ്ദേഹം. പാര്‍ട്ടിയെ ഒരു സന്ദര്‍ഭത്തിലും പ്രതിസന്ധിയിലേക്ക് തള്ളി വിടാത്ത നേതാവാണ് എന്ന് ഉറപ്പായും പറയാന്‍ പറ്റും. പല ഘട്ടങ്ങളിലും അതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി പദവികളും അദ്ദേഹം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കര്‍മ്മനിരതനായ നേതാവ് എന്ന നിലയില്‍ ആദര്‍ശ സുരഭിലമായ ഒരു ജീവിതം നയിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാര്‍ട്ടിയും സമൂഹവും നീതി കാണിച്ചിട്ടുണ്ടോ എന്ന ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നു. നീതി നല്‍കിയില്ല എന്നതാണ് എന്റെ വിശ്വാസം. നാളെ കാലവും ചരിത്രവും ഞാനീ പറയുന്ന യാഥാര്‍ഥ്യം മുറുകെ പിടിക്കും എന്നതില്‍ സംശയമില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തായിരിക്കും, ശക്തിയായിരിക്കും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാനെന്നും വിലമതിക്കുന്നു. ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നല്‍കിയ എല്ലാവിധ പിന്തുണയും പൂര്‍ണ്ണമനസ്സോടെ ഓര്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സംഘടനാ ദൗര്‍ബല്യം എന്നത് ഒരു വ്യക്തിയുടെ മാത്രം കുറവല്ല. കൂട്ടായ നേതൃത്വത്തിലുണ്ടായ പോരായ്മകളായി ഞാന്‍ കണക്കാക്കുന്നു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്വവും മുല്ലപ്പള്ളി രാമചന്ദ്രനെ തലയില്‍ ആരും കെട്ടി വയ്‌ക്കേണ്ട. എനിക്കും ഉമ്മന്‍ ചാണ്ടിക്കു ശേഷം മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉത്തരവാദിത്വമുള്ളത്.

ഒരു അപശബ്ദം പോലും ഉണ്ടാവാതെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചു. പാര്‍ട്ടി നേതാക്കന്മാരെ പൊതുസമൂഹത്തിനു മുമ്പില്‍ ബുദ്ധിമുട്ടിക്കാതെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതല്‍കൂട്ടാണ്.

അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ആളുകള്‍ ഇന്നല്ലെങ്കില്‍ നാളെ പശ്ചാത്തപിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

Next Story

RELATED STORIES

Share it