Latest News

അശാസ്ത്രീയ നിര്‍മിതി ശോഭ കെടുത്തുന്നു; കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അശാസ്ത്രീയ നിര്‍മിതി ശോഭ കെടുത്തുന്നു; കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം ടൂറിസം വികസന അവലോകന യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

ലോക ടൂറിസം മേഖലയില്‍ കൊവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ട്. കോവളം ടൂറിസത്തിന്റെ സുവര്‍ണ്ണകാലം തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയണം. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകര്‍ഷിച്ചത് കടലിന്റെ പനോരമിക് കാഴ്ചയും സൂര്യസ്‌നാനം ചെയ്യാനുള്ള സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സൈ്വര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും അര്‍ഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. ഈ ആകര്‍ഷണങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനം ടൂറിസം വകുപ്പ് നിര്‍വഹിക്കും.

അശാസ്ത്രീയ നിര്‍മ്മിതികള്‍ കോവളം ബീച്ചിന്റെ മനോഹരമായ കാഴ്ചകളെ ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ഇനിയുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ ഗ്രീന്‍ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിര്‍ബന്ധമാക്കും. കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

കോവളം കടല്‍ തീരത്തെ തെരുവ് വിളക്കുകള്‍ ആഗസ്റ്റ് 10 നകം അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കും. ടൈലിംങ്ങ് പ്രവര്‍ത്തികള്‍ ആഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉള്ള സ്ഥലപരിമിതി മറികടക്കാന്‍ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരം കണ്ടെത്താനും തീരുമാനിച്ചു. സെക്യൂരിറ്റി സംവിധാനം വിപുലപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോര്‍ക്കും. വൈദ്യുത ലൈനുകളും മറ്റും കേബിളുകളും ഉള്‍പ്പെടെ അണ്ടര്‍ ഗ്രൗണ്ടാക്കും. ടൂറിസം മേഖലയിലെ സാംസ്‌കാരിക പദ്ധതിയായിരുന്ന 'ഗ്രാമം പരിപാടി' പുനരാവിഷ്‌കരിച്ച് നവീനമായി നടപ്പിലാക്കും.

Next Story

RELATED STORIES

Share it