വായനയുടെ രണ്ടാം വസന്തത്തിന് ശനിയാഴ്ച തുടക്കം; പുസ്തകോത്സവത്തിനായി ഈരാറ്റുപേട്ടയൊരുങ്ങി

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ നിര്‍വഹിക്കും

വായനയുടെ രണ്ടാം വസന്തത്തിന് ശനിയാഴ്ച തുടക്കം; പുസ്തകോത്സവത്തിനായി ഈരാറ്റുപേട്ടയൊരുങ്ങി

ഈരാറ്റുപേട്ട: വീണ്ടും വായനയുടെ വസന്തമൊരുക്കി പുസ്തകോത്സവം ശനിയാഴ്ച ആരംഭിക്കും. ഈരാറ്റുപേട്ടയുടേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിന് വായനാസ്‌നേഹികള്‍ക്കായി പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ ഈ മാസം 21 മുതല്‍ 24 വരെയാണ് പുസ്തകോത്സവം ഒരുക്കുന്നത്. എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഹാഷിര്‍ നദ്‌വി, കണ്‍വീനര്‍ പിപിഎം നൗഷാദ് നഗരസഭാ ആക്ടിങ് ചെയര്‍പേഴ്‌സന്‍ ബള്‍ക്കീസ് നവാസ്, ഹുസൈന്‍ അമ്പഴത്തിനാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

പുസ്തകോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടക്കുന്ന പ്രവാസി സംഗമം സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് കലാകാരന്‍ ഫൈസല്‍ എളേറ്റില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ മുഹമ്മദ് നിസാര്‍ അവതരിപ്പിക്കുന്ന ഗസല്‍ അരങ്ങേറും. മൂന്നാം ദിനം 'സോഷ്യല്‍മീഡിയയിലെ എഴുത്തുലോകം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വയലാര്‍ അവാര്‍ഡ് ജേതാവ് സജില്‍ ശ്രീധര്‍ ഉദ്ഘാടനം ചെയ്യും.

അവസാന ദിവസമായ 24ന് രാവിലെ സര്‍ഗസംഗമം നടക്കും. തുടര്‍ന്ന് 'നവീകരിക്കപ്പെടേണ്ട ലൈബ്രറി സംസ്‌കാരം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ 15ഓളം ലൈബ്രറി ഭാരവാഹികള്‍ പങ്കെടുക്കും. സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് മുഖ്യാതിഥിയാവും. വേദിയില്‍ ഈരാറ്റുപേട്ടയിലെ ഏഴ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

പുസ്തകോത്സവത്തിന് മുന്നോടിയായി നാളെ വിളംബര ജാഥയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ എല്ലാ പ്രധാന പ്രസാദകരും പങ്കെടുക്കുന്ന പുസ്തകോത്സവത്തി്‌ന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ്, കുട്ടികളുടെ കലാമത്സരങ്ങള്‍ എന്നിവയും വേദിയെ മികവുറ്റതാക്കും.

RELATED STORIES

Share it
Top