Latest News

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി
X

കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥലം മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെ ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍ ചെയ്യാനാണ് നിര്‍ദേശം. സ്പ്രിങ്ഗഌ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കെയാണ് സ്ഥലം മാറ്റം. പകരം അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നടപടി.

ഒരുവര്‍ഷം മുമ്പ് ഇദ്ദേഹത്തെ സ്ഥലമാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വര്‍ണക്കടത്ത് കേസ് ചുമതല ഉള്ളതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഇഡി ട്രാന്‍സ്ഫര്‍ ഹരജി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രിംകോടതിയെ സമീപിച്ചത്.

അന്വേഷണത്തിന്റെ തുടക്കം മുതല്‍തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതനുവേണ്ടിയാണിത്. സ്വപ്‌ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസ്സമുണ്ടാക്കുകയും വ്യാജതെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാവുമെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it