Top

കൊവിഡ്: മരുന്നുവില കമ്പോളത്തിനു വിട്ടുനല്‍കരുത്; കേന്ദ്ര സര്‍ക്കാരിനെതിരേ സമ്മര്‍ദ്ദമുയരണം

കൊവിഡ്:  മരുന്നുവില കമ്പോളത്തിനു വിട്ടുനല്‍കരുത്; കേന്ദ്ര സര്‍ക്കാരിനെതിരേ സമ്മര്‍ദ്ദമുയരണം
X

ഡോ. ആസാദ്

കോഴിക്കോട്: കൊവിഡ് പ്രതിരേധ കുത്തിവയ്പിനെ കമ്പോളത്തിനു വിട്ടുകൊടുക്കാനുള്ള നീക്കം അപകടകരമെന്ന് ഡോ. ആസാദ്. അവശ്യ മരുന്നുകളുടെ ലഭ്യതപോലും കോര്‍പറേറ്റ് ചൂതാട്ടത്തിനു വിട്ടു നല്‍കുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് അതിവേഗം കുതിച്ചുയരുകയാണ്. മരണ നിരക്കും കൂടിയിട്ടുണ്ട്. കൂടുതല്‍ മാരകമായ മാറ്റംവന്ന കൊവിഡിന്റെ ഈ പുതുകുതിപ്പില്‍ പ്രതിരോധമൊരുക്കി രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനുള്ള ബാദ്ധ്യത കേന്ദ്ര സര്‍ക്കാര്‍ മറക്കുന്നു. സമീപ കാലത്ത് എല്ലാ മേഖലകളും കോര്‍പറേറ്റ് മത്സര മൂലധനത്തിന് തുറന്നു കൊടുത്ത മോദിസര്‍ക്കാര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പും വിലപേശല്‍ വിപണിക്കു നല്‍കി ജനങ്ങളുടെ ജീവിതം വെച്ചു പന്താടുകയാണ്. ഇതിനെതിരേ ജനങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ഡോ. ആസാദ് പറഞ്ഞു. എഫ്ബിയില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കൊവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകള്‍ക്ക് വില കൂടുകയാണ്. സ്വകാര്യ ആശുപത്രിയില്‍ കോവിഷീല്‍ഡിന് ആയിരം രൂപ വിലവരും. ജൂണില്‍ സ്പുട്‌നിക് ഇറക്കുമതി എത്തുമ്പോള്‍ അതിന് വില എഴുനൂറു രൂപയില്‍ കുറവാകില്ല എന്നാണ് വാര്‍ത്ത. ഡോസിനു നൂറ്റമ്പതു രൂപയെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ച നിരക്ക് തള്ളിക്കളയുകയാണ് മരുന്നു നിര്‍മ്മാണ കമ്പനികള്‍. നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ പൊതുവിപണിയിലും മരുന്നു ലഭ്യമാക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നാനൂറു രൂപ നിരക്കില്‍ കോവിഷീല്‍ഡ് നല്‍കുമെന്ന് ഉറപ്പു നല്‍കുന്നുണ്ട്. പുറത്ത് സ്വകാര്യ ആശുപത്രികളില്‍ അറുനൂറു രൂപയ്ക്കു മുകളിലാവും. അവിടെ ഉപഭോക്താവ് നല്‍കേണ്ട വില എത്രയാവുമെന്ന് കണ്ടറിയണം. സര്‍ക്കാറിന് നല്‍കാമെന്ന് ഏറ്റ മരുന്നു യഥാസമയം ലഭിക്കുമോ എന്നതും സംശയകരമാണ്. കോര്‍പറേറ്റ് മത്സര ലോകത്തേക്ക് കൊവിഡ് മരുന്നും പ്രവേശിക്കുകയാണെന്ന യാഥാര്‍ത്ഥ്യം നാം കാണണം. നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്‍പറേറ്റ് അടിമത്തം പേറുന്ന സര്‍ക്കാറുകള്‍ക്ക് സാദ്ധ്യമായെന്നു വരില്ല.

അവശ്യ മരുന്നുകളുടെ ലഭ്യതപോലും കോര്‍പറേറ്റ് ചൂതാട്ടത്തിനു വിട്ടു നല്‍കുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് അതിവേഗം കുതിച്ചുയരുകയാണ്. മരണ നിരക്കും കൂടിയിട്ടുണ്ട്. കൂടുതല്‍ മാരകമായ മാറ്റംവന്ന കൊവിഡിന്റെ ഈ പുതുകുതിപ്പില്‍ പ്രതിരോധമൊരുക്കി രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനുള്ള ബാദ്ധ്യത കേന്ദ്ര സര്‍ക്കാര്‍ മറക്കുന്നു. സമീപ കാലത്ത് എല്ലാ മേഖലകളും കോര്‍പറേറ്റ് മത്സര മൂലധനത്തിന് തുറന്നു കൊടുത്ത മോദിസര്‍ക്കാര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പും വിലപേശല്‍ വിപണിക്കു നല്‍കി ജനങ്ങളുടെ ജീവിതം വെച്ചു പന്താടുകയാണ്.

അതേസമയം കേരളത്തില്‍ ഈ മരുന്ന് സൗജന്യമായിത്തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്നും പ്രസ്താവിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. എന്നാല്‍ സംസ്ഥാനത്തിന് സൗജന്യമായി പ്രതിരോധ മരുന്നു നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വഹിക്കുമോ എന്നാണറിയേണ്ടത്. മരുന്നുവില മുതലാളിത്ത കമ്പോളത്തിനു വിട്ടുനല്‍കുന്ന സര്‍ക്കാര്‍ മനുഷ്യരുടെ ജീവന് എന്തു വില കല്‍പ്പിക്കാനാണ്! കേന്ദ്ര സര്‍ക്കാര്‍ ജീവന്‍രക്ഷാ മരുന്നിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന ഉദാസീന നിലപാടു തിരുത്താന്‍ ജനങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നു വരേണ്ടതുണ്ട്.

Next Story

RELATED STORIES

Share it