Latest News

സ്‌കൂള്‍ കുട്ടിയെ ലഹരി കാരിയറാക്കിയ സംഭവം: പോലിസ് അന്വേഷണത്തില്‍ അനാസ്ഥയെന്ന് കുടുംബം

സ്‌കൂള്‍ കുട്ടിയെ ലഹരി കാരിയറാക്കിയ സംഭവം: പോലിസ് അന്വേഷണത്തില്‍ അനാസ്ഥയെന്ന് കുടുംബം
X

കോഴിക്കോട്: ചോമ്പാലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിന്റെ അന്വേഷണത്തില്‍ പോലിസ് അനാസ്ഥ കാട്ടുന്നുവെന്ന പരാതിയുമായി കുടുംബം രംഗത്ത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് അന്വേഷണം ഉന്നതതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ലഹരി മാഫിയയെ സംരക്ഷിക്കാനാണ് പോലിസ് ശ്രമമെന്ന് ആരോപിച്ച കുട്ടിയുടെ ബന്ധുക്കള്‍, ഈ സംഘത്തിലെ ഒരാള്‍ പോലും ഇതുവരെ പിടിയിലായിട്ടില്ലെന്നും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി മുഖവിലയ്‌ക്കെടുത്തില്ല. ലഹരി നല്‍കിയെന്ന് കുട്ടി പറഞ്ഞ അഴിയൂര്‍ സ്വദേശിയെ രക്ഷിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമമെന്നും കുടുംബം ആരോപിച്ചു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നില്ലെന്നായിരുന്നു പോലിസ് പറഞ്ഞത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ലഹരി വസ്തുക്കള്‍ കൈമാറാനായി കുട്ടിയെത്തിയെന്നു പറയുന്ന തലശ്ശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലിസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തലശ്ശേരിയില്‍ വസ്ത്രം വാങ്ങാനായി പോയിട്ടുണ്ടെന്ന് കുട്ടി പറഞ്ഞതായി സഹപാഠികളും മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലഹരി മാഫിയ കാരിയറാക്കിയെന്ന് അഴിയൂരിലെ സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരി വെളിപ്പെടുത്തല്‍ നടത്തിയത്. ആദ്യം ലഹരി കലര്‍ത്തിയ ബിസ്‌കറ്റ് നല്‍കി. പിന്നീട് ഇന്‍ജക്ഷന്‍ അടക്കം നല്‍കി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി പറഞ്ഞത്.

Next Story

RELATED STORIES

Share it