Latest News

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം എത്തി; പ്രതിഷേധം കാരണം മടങ്ങി

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം എത്തി; പ്രതിഷേധം കാരണം മടങ്ങി
X

ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്റെ വീട് ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്‍ റെയ്ഡ് ചെയ്തു. നോമ്പ് തുറയ്ക്കു തൊട്ട് മുമ്പാണ് പോലിസ് റെയ്ഡിനെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലിനെതിരെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പോലിസ് രാജ്യദ്രോഹകേസ് ചുമത്തിയത്.

''സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തായിരുന്നു റെയ്ഡ് നടത്തിയത്''- പോലിസ് വ്യക്തമാക്കി.

ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്റെ വീട് റെയ്ഡ് ചെയ്ത കാര്യം അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ധ ഗ്രോവര്‍ സ്ഥിരീകരിച്ചു. അതേസമയം പോലിസ് റെയ്ഡിനു മാത്രമല്ല, അറസ്റ്റ് ചെയ്യാനും കൂടിയാണ് എത്തിയതെന്നാണ് കരുതുന്നത്. സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങള്‍ നടത്തിയ പ്രതിരോധവും അഭിഭാഷകരുടെ ഇടപെടലും മൂലമാണ് പോലിസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിഞ്ഞത്. നിയമപരമായി മാത്രമേ ഡോ. ഖാനെതിരേ നടപടി എടുക്കാന്‍ അനുവദിക്കൂ എന്ന അഭിഭാഷകരുടെ നിര്‍ബന്ധത്തിനു മുന്നില്‍ പോലിസ് മുട്ടുമടക്കി.

''ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ 72 വയസ്സുള്ള ആരാളാണ്. വാര്‍ധക്യസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള ഒരാളെ പുറത്ത് കൊണ്ടുപോകുന്നത് ശരിയല്ല''- ഗ്രോവര്‍ വാദിച്ചു. ഒപ്പം സിആര്‍പിസി സെക്ഷന്‍ 160 അനുസരിച്ച് 65 വയസ്സിനു മുകളിലുള്ള ഒരാളെ അയാളുടെ വീട്ടിനു പുറത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യാനാവില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഒടുവില്‍ നിരവധി പേരുടെ ഇടപെടലിനൊടുവില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ പോലിസ് സ്ഥലം വിടുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഡല്‍ഹി ജോയിന്റ് പോലിസ് കമീഷണര്‍ നീരജ് താക്കൂറാണ് സഫറുല്‍ ഇസ്‌ലാം ഖാനെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം ഭീതിയ്‌ക്കെതിരേ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സഫറുല്‍ ഇസ് ലാം ഖാന്റെ ട്വീറ്റിനെതിരേ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ട്വീറ്റ് ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ രംഗത്തെത്തിയത്. സംഭവം വിവാദമായ സാഹചര്യത്തില്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞിരുന്നു.

ഡോ. സഫറുല്‍ ഇസ്‌ലാമിനെതിരേയുള്ള നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഒപ്പം ഏത് പ്രതിസന്ധിയിലും ഒന്നിച്ചുനിന്നാല്‍ രക്ഷയുണ്ടെന്ന സന്ദേശമാണ് ഈ അനുഭവം നല്‍കുന്നതെന്നും പലരും പറയുന്നു. ഇത്തരത്തില്‍ നിരവധി പേസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്.

ഇതുസംബന്ധിച്ച് മുഹാറക്ക് റാവുത്തര്‍ എഴുതിയ ഒരു പോസ്റ്റിലും ഇത് ചൂണ്ടിക്കാട്ടുന്നു.

മുബാറക്ക് റാവുത്തറുടെ പോസ്റ്റ്:

നോമ്പ് തുറക്കാനുള്ള സമയത്തോടടുത്ത് വൈകുന്നേരം 6 മണിക്ക് ശേഷം ഡല്‍ഹി പോലീസ് ഡല്‍ഹി സര്‍ക്കാരിന്റെ മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനെ അറസ്റ്റ് ചെയ്യാന്‍ എത്തുന്നു....

നോമ്പ് തുറ പോലും മാറ്റിവെച്ച് പ്രതിഷേധവുമായി ആളുകള്‍ ഒത്തുകൂടുന്നു....

പ്രതിഷേധം ശക്തമായതോടെ സ്‌പെഷ്യല്‍ സെല്ലിന് മുന്നില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് പറഞ്ഞ ശേഷം 7 മണിയോട് കൂടി പോലീസ് മടങ്ങുന്നു....

സഫറുല്‍ ഇസ്ലാം ഖാന്‍ വീടിന് പുറത്ത് ബാല്‍കണിയില്‍ വന്ന് ആളുകളെ അഭിവാദ്യം ചെയ്യുന്നു.....

എല്ലാവരും തത്കാലത്തേക്ക് പിരിഞ്ഞു പോകുന്നു.....

പാഠം : സംഘപരിവാര്‍ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളോടൊപ്പം, യഥാര്‍ത്ഥ സമരമുഖങ്ങള്‍ തുറക്കുക. അധികാര ഹുങ്കിനെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുക.



Next Story

RELATED STORIES

Share it