Latest News

ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി കേരളാ പോലിസ്

ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി കേരളാ പോലിസ്
X

തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലിസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലോണ്‍ ആപ്പുകള്‍ വഴി നിരവധി പേര്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.

എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന ഇത്തരം ആപ്പുകള്‍ പലരെയും ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് തന്നെ ഫോണിലെ സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശനാനുമതി തട്ടിപ്പുകാര്‍ തേടുന്നുവെന്ന് പോലിസ് ചൂണ്ടിക്കാട്ടി. ഗ്യാലറി, കോണ്‍ടാക്ട് ലിസ്റ്റ്, ഫയലുകള്‍, മറ്റു സ്വകാര്യ വിവരങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം ചോദിക്കുന്ന ഇത്തരം ആപ്പുകള്‍ക്ക് ഒരിക്കലും അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കി. ആപ്പ് വഴി ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് സമ്മര്‍ദ്ദം ചെലുത്താനും ഭീഷണിപ്പെടുത്താനും ഇവ ഉപയോഗിക്കപ്പെടാമെന്നും പോലിസ് വ്യക്തമാക്കി.

വായ്പ നല്‍കിയ തുക തിരികെ വാങ്ങുന്നതിനെന്ന പേരില്‍ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിങ്ങളുടെ സ്വകാര്യത പണയം വച്ചാണ് ഇത്തരം വായ്പകള്‍ ലഭ്യമാകുന്നതെന്ന് ഓര്‍മ്മിപ്പിച്ച പോലിസ്, അനധികൃത ലോണ്‍ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ 1930 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ സൈബര്‍ പോലിസിനെ വിവരം അറിയിക്കണമെന്നും കേരളാ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it