Latest News

വാര്‍ത്തകള്‍ക്ക് വര്‍ഗീയ നിറം കൊടുക്കരുത്; നിസാമുദ്ദീന്‍ മര്‍ക്കസിലെ കൊവിഡ് റിപോര്‍ട്ടിങ്ങിനെതിരേ സുപ്രിംകോടതി

വാര്‍ത്തകള്‍ക്ക് വര്‍ഗീയ നിറം കൊടുക്കരുത്; നിസാമുദ്ദീന്‍ മര്‍ക്കസിലെ കൊവിഡ് റിപോര്‍ട്ടിങ്ങിനെതിരേ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വാര്‍ത്തകള്‍ക്ക് വര്‍ഗീയ നിറം നല്‍കി അവതരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പ്രവണതയില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ കൊവിഡ് പടര്‍ന്നുപടിച്ച സംഭവത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ സമര്‍പ്പിച്ച ഏതാനും ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ സുപ്രധാനമായ പരാമര്‍ശം നടത്തിയത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിക്കാരിലൊരാളായ ജമാഅത്ത് ഉലമ ഇ ഹിന്ദ് ആവശ്യപ്പെട്ടത്.

'പല സ്വകാര്യ വാര്‍ത്താ ചാനലുകളും നല്‍കിയ വാര്‍ത്തകള്‍ വര്‍ഗീയ നിറമുള്ളവയായിരുന്നു. അവസാനം ഇവ നമ്മുടെ രാജ്യത്തിന്റെ പേര് ചീത്തയാക്കും. ഇത്തരം സ്വകാര്യചാനലുകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ'- ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

'യുട്യൂബില്‍ പോയാല്‍ ഒരു മിനിറ്റിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ കാണാം. നിരവധി വ്യാജവാര്‍ത്തകളാണ് അവിടെയുള്ളത്. വെബ് പോര്‍ട്ടലുകളെ ആരും നിയന്ത്രിക്കുന്നില്ല. എല്ലാ പ്രശ്‌നങ്ങളെയും വര്‍ഗീയമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുണ്ട്. ഇവ നമ്മുടെ രാജ്യത്തിന്റെ പേര് ചീത്തയാക്കും'- സുപ്രിംകോടതി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. ഇവ വര്‍ഗീയമാണ് എന്നുമാത്രമല്ല, ആസൂത്രിതവുമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പുതിയ ഐടി നിയമം സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐടി നിയമം പല ഹൈക്കോടതികളിലും ചോദ്യംചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ നിലവിലുള്ള ഹരജി പരിഗണിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹരജികളും സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഐടി നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റുന്നത് ആറ് ആഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ കോടതി സമ്മതിച്ചു.

നിസാമുദ്ദീന്‍ മര്‍ക്കസില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരാണ് രാജ്യത്ത് കൊവിഡ് വ്യാപിപ്പിച്ചതെന്ന് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ വലിയ പ്രചാരണം നടക്കുകയുണ്ടായി. അതിന്റെ പേരില്‍ നിരവധി കേസുകളും ചുമത്തി. മിക്കവാറും കേസുകള്‍ തള്ളിപ്പോയി. പല കേസുകളിലും സമാനമായ നിരീക്ഷണങ്ങള്‍ ഹൈക്കോടതികള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it