Latest News

ഡീഗോയുടെ മരണം: തേങ്ങലടക്കാനാവാതെ ഫുട്‌ബോള്‍ ലോകം

''എനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടു, ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടു'', എന്നാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം 80കാരനായ പെലെ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയത്.

ഡീഗോയുടെ മരണം: തേങ്ങലടക്കാനാവാതെ ഫുട്‌ബോള്‍ ലോകം
X

ബ്യൂണസ്അയേഴ്‌സ്: അര്‍ജന്റീന എന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ജന്മരാജ്യം വിതുമ്പുകയാണ്. പ്രിയപ്പെട്ട ഡീഗോയുടെ വീട് നില്‍ക്കുന്ന സാന്‍ ആന്‍ഡ്രസ് പരിസരത്ത് തെരുവുകളില്‍ ഒത്തുകൂടിയ ജനക്കൂട്ടം മറഡോണയുടെ ചിത്രമുള്ള കാര്‍ഡുകള്‍ ഉയത്തിപ്പിടിച്ചു. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. ''നിങ്ങള്‍ ഞങ്ങളെ ലോകത്തിന്റെ മുകളില്‍ എത്തിച്ചു. നിങ്ങള്‍ ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു. നിങ്ങള്‍ എല്ലാവരിലും വലിയവനായിരുന്നു. ജീവിച്ചിരുന്നതിന് നന്ദി, ഡീഗോ. ജീവിതകാലം മുഴുവന്‍ നിങ്ങളുടെ നഷ്ടം ഞങ്ങളോര്‍ക്കും'' അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം മെസ്സി മറഡോണയുടെ വേര്‍പാടില്‍ ദുഖം അറിയിച്ചു. '' ഇത് എല്ലാ അര്‍ജന്റീനക്കാര്‍ക്കും ഫുട്‌ബോളിനും വളരെ സങ്കടകരമായ ദിവസമാണ്. അവന്‍ ഞങ്ങളെ വിട്ടുപോയി, പക്ഷേ ഡീഗോ ശാശ്വതനാണ്. ഞാന്‍ അദ്ദേഹത്തോടൊപ്പം താമസിച്ച മനോഹരമായ നിമിഷങ്ങളെല്ലാം സൂക്ഷിക്കുകയും അദ്ദേഹത്തിന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.'' മെസ്സി അറിയിച്ചു.

''എനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടു, ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടു, എന്നാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം 80കാരനായ പെലെ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയത്. മറഡോണ 1986 ല്‍ ലോകകപ്പ് ട്രോഫി ഉയര്‍ത്തുന്ന ചിത്രവും പെലെ പങ്കുവച്ചു. മറഡോണയെ ''സമാനതകളില്ലാത്ത മാന്ത്രികന്‍ എന്നു വിശേഷിപ്പിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ''ഇന്ന് ഞാന്‍ ഒരു സുഹൃത്തിനോട് വിട പറയുന്നു, ലോകം ഒരു ശാശ്വത പ്രതിഭയോട് വിട പറയുന്നു. നമ്മുടെ കാലത്തെ ഏറ്റവും മികച്ചത്. സമാനതകളില്ലാത്ത മാന്ത്രികന്‍. അവന്‍ വളരെ നേരത്തെ തന്നെ പുറപ്പെടുന്നു, ഒരിക്കലും പൂരിപ്പിക്കാത്ത ഒരു ശൂന്യത ഉപേക്ഷിച്ചുകൊണ്ട്. നിത്യശാന്തി നേരുന്നു, നിങ്ങളെ ഒരിക്കലും മറക്കില്ല.'' എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.

1984-1991 കാലഘട്ടത്തില്‍ മറഡോണ കളിച്ച ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് നാപോളി, മറഡോണയുടെ മരണവാര്‍ത്തയെത്തുടര്‍ന്ന് അനുഭവപ്പെട്ട സങ്കടത്തെക്കുറിച്ച് വിവരിക്കാനാവില്ലെന്ന് പറഞ്ഞു. ''നാം അനുഭവിക്കുന്ന ഒരു സങ്കടത്തെ വിവരിക്കാന്‍ എന്ത് വാക്കുകള്‍ ഉപയോഗിക്കാം? ഇപ്പോള്‍ കണ്ണീരിന്റെ നിമിഷം.'' നെപ്പോളി ക്ലബ് ട്വിറ്ററില്‍ കുറിച്ചു. '' ഞങ്ങളുടെ ഭൂതകാലത്തിന്റെ ഒരു ഭാഗം പോയിരിക്കുന്നു'' എന്നാണ് പ്രശശ്ത ഫ്രഞ്ച് ഫുട്‌ബോളര്‍ മൈക്കല്‍ പ്ലാറ്റിനി അനുശോചനക്കുറിപ്പില്‍ എഴുതിയത്.

Next Story

RELATED STORIES

Share it