Latest News

'സംവാദമാണ് സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗം': ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തെ അഭിനന്ദിച്ച് ഒബ്ജക്റ്റീവ് സ്റ്റഡീസ് ചെയര്‍മാന്‍

സംവാദമാണ് സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗം: ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തെ അഭിനന്ദിച്ച് ഒബ്ജക്റ്റീവ് സ്റ്റഡീസ് ചെയര്‍മാന്‍
X

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടയിലും സൗദി അറേബ്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എം മന്‍സൂര്‍ അലം. എട്ട് പതിറ്റാണ്ട് നീണ്ട പരസ്പരബന്ധമുള്ള രണ്ട് രാജ്യങ്ങളാണ് സൗദി അറേബ്യയും യുഎസ്സും. ക്രിയാത്മകവും തന്ത്രപ്രധാനവുമായ ഈ പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. പരസ്പര സംവാദമാണ് രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള അകല്‍ച്ചയും സംഘര്‍ഷവും ലഘൂകരിക്കുന്നതിനുള്ള മാര്‍ഗം. ഓരോ രാജ്യത്തിനും വികസിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള ഇടം നല്‍കുന്നതും ഇതാണെന്ന് ന്യൂഡല്‍ഹിയിലെ യുഎസ് എംബസിവഴി പ്രസിഡന്റിന് അയച്ച കത്തില്‍ ഡോ. മന്‍സൂല്‍ അലം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം പകുതിയിലാണ് ജോ ബൈഡന്‍ സൗദിയില്‍ ദ്വദിന സന്ദര്‍ശനത്തിനെത്തിയത്. ജിദ്ദയിലെത്തിയ അദ്ദേഹം സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ആഗോള ഊര്‍ജ സുരക്ഷയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി. സൗദിയില്‍നടന്ന സൗദി-അമേരിക്കന്‍, അറബ്-അമേരിക്കന്‍, 43ാം ജിസിസി ഉച്ചകോടി എന്നിവയിലും ബൈഡന്‍ പങ്കെടുത്തു.

പ്രഗത്ഭര്‍ ഉള്‍പ്പെടുന്ന പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സ് കമ്മീഷനെ നിയമിച്ചതിനും ഡോ. അലം, പ്രസിഡന്റിനെ അഭിനന്ദിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ഗരറ്റ് എയ്റ്റ്‌കെന്‍ ഹാഗര്‍ട്ടിക്കും അംഗങ്ങള്‍ക്കും ഹൃദയംഗമമായ അഭിനന്ദനം രേഖപ്പെടുത്തി. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുളള വിദഗ്ധയാണ് പുതുതായി നിയമിക്കപ്പെട്ട കമ്മീഷന്‍ ചെയര്‍മാനെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ഡോ. അലം പ്രതീക്ഷപ്രകടിപ്പിച്ചു.

മനുഷ്യാവകാശങ്ങളും രാഷ്ട്രീയ പരിഷ്‌കരണങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് സൗദി രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു. മനുഷ്യാവകാശസങ്കല്‍പ്പങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഇസ് ലാമിന്റെ കാഴ്ചപ്പാടുകളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഈ അവസരം താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് സൂചിപ്പിച്ച ഡോ. അലം ഇതേ കുറിച്ചുള്ള ഇസ് ലാമിക കാഴ്ചപ്പാടും കത്തില്‍ വിശദീകരിച്ചു. ആദംമക്കളായ മനുഷ്യരുടെ അന്തസ്സിന് ഇസ് ലാം വലിയ വിലകല്‍പ്പിക്കുന്നുണ്ട്. ഇസ്‌ലാമില്‍ വംശം, വര്‍ണം, വര്‍ഗം, ലിംഗഭേദം, ജാതി മുതലായവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല. ഒരു വ്യക്തിയും ഒരു വ്യക്തിയുടെയും മുകളിലും താഴെയുമല്ല, ഓരോ വ്യക്തിക്കും അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പ്രവാചകന്റെ കാലം മുതല്‍ തന്നെ നീതി, സമത്വം, സ്വാതന്ത്ര്യം, സൗഹൃദം, സാഹോദര്യം, സുതാര്യത, ഉത്തരവാദിത്തം എന്നീ ഏഴ് തൂണുകളിലാണ് ഇസ് ലാമിക തത്ത്വചിന്ത വികസിച്ചുവന്നിരിക്കുന്നത്. രാജ്യങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. ഇവ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ സമൂഹത്തില്‍ അസമത്വവും അരാജകത്വവും ഉണ്ടാകുമെന്നും അദ്ദേഹം എഴുതി.

ഇക്കാര്യത്തില്‍ അമേരിക്കക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഡോ. അലം ചൂണ്ടിക്കാട്ടി. ഏത് സമൂഹത്തിലും കാണുന്ന പദവിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സൂക്ഷ്മമായും തന്ത്രപരമായും കൈകാര്യം ചെയ്യണം. വന്‍ശക്തിയെന്ന നിലയില്‍ അമേരിക്കക്ക് അതില്‍ വലിയ പങ്കുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളെ തടയാനും അമേരിക്കക്കു കഴിയും. അതുവഴി പാര്‍ശ്വവല്‍കൃതരെ ശാക്തീകരിക്കാനാവും. സമൂഹത്തിന് ധനാത്മകമായ സന്ദേശവും ഇതുവഴി പ്രദാനം ചെയ്യാനാവും. പ്രസിഡന്റിന്റെ ശ്രമങ്ങള്‍ വംശീയവും രാഷ്ട്രീയവും മതപരവുമായ സഹിഷ്ണുത പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകുമെന്നും അതുവഴി ആഗോള വ്യാപാരവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it