Latest News

യുവജനങ്ങള്‍ക്കും ഗുരുതരരോഗികള്‍ക്കും പ്രളയദുരിതമനുഭവിച്ചവര്‍ക്കും സമാശ്വാസ പദ്ധതികളുമായി സഹകരണവകുപ്പ്

യുവജനങ്ങള്‍ക്കും ഗുരുതരരോഗികള്‍ക്കും പ്രളയദുരിതമനുഭവിച്ചവര്‍ക്കും സമാശ്വാസ പദ്ധതികളുമായി സഹകരണവകുപ്പ്
X

തിരുവനന്തപുരം: യുവജനങ്ങള്‍ക്കും ഗുരുതരരോഗികള്‍ക്കും പ്രളയദുരിതമനുഭവിച്ചവര്‍ക്കും നിരവധി സമാശ്വാസ പദ്ധതികളുമായി സഹകരണവകുപ്പ്. സഹകരണ മേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിന് യുവസംരംഭകര്‍ക്കും സേവനദാതാക്കള്‍ക്കുമായി സഹകരണ സംഘങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

സഹകരണസംഘങ്ങള്‍/ ബാങ്കുകള്‍വഴി പലിശരഹിതവായ്പ നല്‍കുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കുന്നുണ്ട്. ഒന്നു മുതല്‍ 12 വരെയുളള ക്‌ളാസ്സുകളിലേക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങാന്‍ സഹകരണസംഘങ്ങള്‍/ ബാങ്കുകള്‍വഴി പലിശരഹിതവായ്പ അനുവദിക്കുന്ന പദ്ധതിയാണ് വിദ്യാതരംഗിണി. കേരള ബാങ്കുവഴിയും ഈ വായ്പാ ലഭ്യമാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ 8000 വായ്പകള്‍ ബാങ്ക് നല്‍കും.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍മൂലം കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക് അടിയന്തിരസഹായം ലഭ്യമാക്കാനായി കേരള സഹകരണ അംഗ സമാശ്വാസനിധി അഥവാ മെമ്പര്‍ റിലീഫ് ഫണ്ട് പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നല്‍കിയതായി മന്ത്രി അറിയിച്ചു. പദ്ധതി വഴി 11194 പേര്‍ക്ക് 23.94 കോടി രൂപയുടെ ധനസഹായമാണ് കേരളത്തിലെ സഹകാരികള്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്. 14 ജില്ലകളിലും ഈ ആനുകൂല്യ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മ്മിക്കാന്‍ സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ഫ്‌ളാറ്റ്‌സമുച്ചയ നിര്‍മ്മാണം അതിവേഗത്തില്‍ നീങ്ങുകയാണെന്ന് മന്ത്രി അറിയിച്ചു. തൃശൂര്‍ പഴയന്നൂര്‍ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിലയ്ക്കു വാങ്ങിയ 1.06 ഏക്കര്‍ സ്ഥലത്താണ് ഫ്‌ളാറ്റ് പണിയുന്നത്. ഭൂരഹിത ഭവന രഹിതര്‍ക്കായുള്ള ഫ്‌ളാറ്റുകളുടെ നിര്‍മ്മാണമാണ് ഈ ഘട്ടത്തിലുള്ളത്. ഈ സമുച്ചയത്തില്‍ 40 ഭവനങ്ങള്‍ ഉണ്ടാകും. 450 മുതല്‍ 500 വരെ സ്‌ക്വയര്‍ ഫീറ്റ് വീസ്തീര്‍ണ്ണം ഓരോ ഫ്‌ളാറ്റിനും ഉണ്ടാകും. തൃശൂര്‍ ജില്ലയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പത്തു ബ്ലോക്കുകളാണുള്ളത്. ഓരോന്നിലും നാലു ഫ്‌ളാറ്റുകള്‍ വീതം. ഓരോ സമുച്ചയവും ഇരുനിലകളിലായി നാലു ഫ്‌ളാറ്റുകള്‍ ചേര്‍ന്നതാണ്. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം ഉണ്ടാകും.

പ്രാഥമിക ബാങ്കുകളും കേരളബാങ്കും തമ്മിലുള്ള ഐ.ടി ഏകീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ സഹകരണ മേഖല 10,000 തൊഴില്‍ സൃഷ്ടിക്കും.

2021 ജൂലൈ 3 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടത്തുന്ന ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണവകുപ്പ് കോപ് ഡേ പുരസ്‌കാരം എന്ന പേരില്‍ അടുത്ത വര്‍ഷത്തെ സഹകരണദിനത്തില്‍ പുരസ്‌കാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ നല്‍കിവരുന്ന പുരസ്‌കാരങ്ങള്‍ക്ക് പുറമേ അടുത്തവര്‍ഷം മുതല്‍ രണ്ടു പുരസ്‌കാരങ്ങള്‍ കൂടി ഉണ്ടാകും.

Next Story

RELATED STORIES

Share it