Latest News

മഹാത്മാഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തു

മഹാത്മാഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തു
X

റായ്പൂര്‍: ധര്‍മ്‌സന്‍സദില്‍ മഹാത്മാഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിനെ ഛത്തിസ്ഗഢിലെ റായ് പൂര്‍ പോലിസ് മധ്യപ്രദേശിലെ ഖജുരാവൊയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

റായ്പൂരിലെ തിക്രപാര പോലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് റായ്പൂര്‍ പോലിസിലെ ഏഴംഗ സംഘം ഇയാളെ കണ്ടെത്തിയത്.

മധ്യപ്രദേശിലെ ഖജുരാവൊയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഭുവനേശ്വര്‍ ധമ്മില്‍ ഒരു വാടകവീട്ടിലാണ് കാളിചരണ്‍ മഹാരാജ് താമസിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിക്ക് പോലിസ് ഇയാളെ റായ്പൂരിലെത്തിക്കും- റായ്പൂര്‍ പോലിസ് സൂപ്രണ്ട് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഡല്‍ഹിയിലും ഇയാളെ തിരഞ്ഞുകണ്ടുപിടിക്കാന്‍ മൂന്ന് സംഘത്തെയാണ് പോലിസ് നിയോഗിച്ചത്. പോലിസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാളും അനുയായികളും മൊബൈല്‍ ഫോണ്‍ ഓഫാക്കിയാണ് സഞ്ചരിച്ചിരുന്നത്.

ഇസ് ലാമിന്റെ ലക്ഷ്യം രാഷ്ട്രീയത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കുകയാണെന്നും മഹാത്മാഗാന്ധി രാജ്യത്തെ നശിപ്പിച്ചുവെന്നും ഗാന്ധിയെ കൊന്നതിന് നാഥുറാം ഗോഡ്‌സെക്ക് നന്ദിയെന്നും ഇയാള്‍ പ്രസംഗിച്ചു.

ബുധനാഴ്ച പൂനെ പോലിസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൂനെയിലെ ഒരു പരിപാടിയിലും ഇയാള്‍ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it