Latest News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാനാധികാരം ഡിസിസികള്‍ക്ക് :കെപിസിസി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാനാധികാരം ഡിസിസികള്‍ക്ക് :കെപിസിസി
X

തിരുവനന്തപുരം: കോണ്‍ഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രാദേശികതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് നേതൃത്വം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഡിസിസികള്‍ക്ക് നല്‍കുമെന്ന് കെപിസിസി അറിയിച്ചു. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നതിലെ അന്തിമ തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തീരുമാനങ്ങള്‍ ഡിസിസി തലത്തിലുള്ള കോര്‍കമ്മിറ്റികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപവല്‍കരിച്ച കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരെ ഓരോ മണ്ഡലത്തിലെ കോര്‍കമ്മിറ്റികളാണ് തീരുമാനിക്കുക.

അതത് തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും അധ്യക്ഷ തിരഞ്ഞെടുപ്പ്. മുഴുവന്‍ കാലാവധിയിലും ഒരാള്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന തരത്തിലുള്ള ധാരണ രൂപപ്പെടുത്താനാണ് ശ്രമം. നിശ്ചിതകാലത്തിന് ശേഷം അധികാരം പങ്കിടേണ്ടി വന്നാല്‍ വ്യക്തമായ എഴുത്തുകരാര്‍ ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ കെപിസിസി തലത്തിലുള്ള ഇടപെടല്‍ ഉണ്ടാകൂ. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, സ്ഥിരംസമിതി അധ്യക്ഷര്‍ എന്നീ സ്ഥാനങ്ങളെക്കുറിച്ചുള്ള ധാരണ ഒരുമിച്ചാണ് രൂപപ്പെടുത്തുക. ഘടകകക്ഷികളില്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസുമാണ് പ്രധാനമായും സ്ഥാനങ്ങള്‍ പങ്കിടുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21നു നടക്കും. അതിന് ശേഷമായിരിക്കും അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് യോജിക്കാനാകാത്ത പാര്‍ട്ടികളുമായി ധാരണയുണ്ടാക്കി തദ്ദേശസ്ഥാപന ഭരണം പിടിക്കരുതെന്ന കര്‍ശന നിലപാടും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it