Latest News

വിഷം അകത്ത് ചെന്ന് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുനല്‍കി; പിന്നീട് വീട്ടില്‍ പോയി തിരികെ വാങ്ങി ആശുപത്രി അധികൃതര്‍

വിഷം അകത്ത് ചെന്ന് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുനല്‍കി; പിന്നീട് വീട്ടില്‍ പോയി തിരികെ വാങ്ങി ആശുപത്രി അധികൃതര്‍
X

പാലക്കാട്: വിഷം അകത്ത് ചെന്ന് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ജില്ലാ ആശുപത്രി തെറ്റുതിരുത്തി. മരിച്ചയാളുടെ വീട്ടില്‍ പോയി മൃതദേഹം ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. സെപ്റ്റംബര്‍ 25ന് വിഷം കഴിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 62കാരനായ മുണ്ടൂര്‍ സ്വദേശിയാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയിലുണ്ടായിരുന്നവരുമായി സംസാരിച്ചു. മൃതദേഹം കൊണ്ടുപോകാമെന്ന് അറിയിച്ചതോടെ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.

അല്‍പ്പസമയത്തിന് ശേഷം ആശുപത്രി ജീവനക്കാരും പോലിസും മരിച്ചയാളുടെ വീട്ടിലെത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞില്ലെന്നും അതിനാല്‍ മൃതദേഹം വേണമെന്നുമായിരുന്നു ആവശ്യം. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കൂയെന്നും ജില്ലാ ആശുപത്രിയുടെ സ്വന്തം ചെലവില്‍ ആംബുലന്‍സടക്കം ജീവനക്കാരെ അയക്കാമെന്നും അവര്‍ അറിയിച്ചു. പിന്നാലെ ബന്ധുക്കളും സമ്മതം മൂളിയതോടെയാണ് മൃതദേഹം തിരികെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇന്നുരാവിലെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കും. സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയില്ല. എന്നാല്‍, വീഴ്ച സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടറില്‍നിന്നും ജീവനക്കാരില്‍നിന്നും വിശദീകരണം തേടുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ജയശ്രീ പറഞ്ഞു.

Next Story

RELATED STORIES

Share it