Latest News

ദലിത് ബാലന്റെ കൊലപാതകം; ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ രാജി സമര്‍പ്പിച്ചു

ദലിത് ബാലന്റെ കൊലപാതകം; ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ രാജി സമര്‍പ്പിച്ചു
X

ജയ്പൂര്‍: രാജസ്ഥാനില്‍ തന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ച ദലിത് ബാലനെ അധ്യാപകന്‍ അടിച്ചുകൊന്ന സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് എംഎല്‍എ രാജി സമര്‍പ്പിച്ചു. ബാരന്‍-അട്രൂ നിയോജക മണ്ഡലത്തിലെ എംഎല്‍എ പന ചന്ദ് മേഘ്‌വാളാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് നല്‍കിയത്.

ദളിതരും നിരാലംബരായ സമുദായങ്ങളും അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ എംഎല്‍എയായിരിക്കാന്‍ അവകാശമില്ലെന്ന് രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

'ജലോറില്‍ 9 വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഞാന്‍ വളരെയധികം വേദനിക്കുന്നു. ഞാന്‍ എന്റെ രാജി സമര്‍പ്പിക്കുന്നു. ദലിതരും നിരാലംബരായ സമുദായങ്ങളും നിരന്തരമായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നു-മേഘ്‌വാളിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ജലോറില്‍ സ്റ്റാഫ് റൂമിലെ തന്റെ കുടിവെള്ള പാത്രത്തില്‍ സ്പര്‍ശിച്ച ദലിത് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചിരുന്നു.

ജൂലൈ 20നാണ് ഒമ്പത് വയസുകാരനായ ഇന്ദ്ര കുമാര്‍, ചൈല്‍ സിങ് എന്ന അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദകുമാര്‍ പിന്നീട് മരിച്ചു.

കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

'നമ്മുടെ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാം പരാജയപ്പെടുമ്പോള്‍... ആ സ്ഥാനത്ത് തുടരാന്‍ നമുക്ക് അവകാശമില്ല, എന്റെ സമൂഹത്തെ സേവിക്കുന്നതിനായി ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നു' -എംഎല്‍എ രാജിക്കത്തില്‍ പറയുന്നു.

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ദലിതര്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹസമയത്ത് കലത്തില്‍ വെള്ളം കുടിച്ചതിനും മീശ പിരിച്ചതിനും ദലിതര്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഭരണഘടന നല്‍കുന്ന ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആരുമില്ലെന്ന് തോന്നുന്നു'- മേഘ്‌വാള്‍ മുഖ്യമന്ത്രി ഗെലോട്ടിന് എഴുതിയ കത്തില്‍ പറഞ്ഞു.

ദലിതര്‍ നല്‍കിയവയില്‍ ഭൂരിഭാഗം കേസുകളിലും പോലിസ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നു. പലതവണ ഇത്തരം കേസുകള്‍ സംസ്ഥാന നിയമസഭയില്‍ ഉന്നയിച്ചിരുന്നുവെങ്കിലും പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it