Latest News

മൈസുരു ഹൈവേയില്‍ മലയാളികളെ ആക്രമിച്ച് കോടി രൂപ കവര്‍ന്നു

മൈസുരു ഹൈവേയില്‍ മലയാളികളെ ആക്രമിച്ച് കോടി രൂപ കവര്‍ന്നു
X

ബംഗളൂരു: മൈസൂരു ഹൈവേയില്‍ കൊള്ള സംഘം ശക്തമാകുന്നു. മലയാളികളായ വ്യപാരികളെ ആക്രമിച്ച കൊള്ളസംഘം കാറിനകത്തുണ്ടായിരുന്ന കോടി രൂപ കവര്‍ന്നു. കണ്ണൂര്‍ പാനൂര്‍ സ്വപ്ന ജ്വല്ലേഴ്‌സ് ഉടമ സൂരജ്, ബന്ധുക്കളായ കൃഷ്ണദേവ്, സുഭാഷ് എന്നിവരാണ് കവര്‍ച്ചക്കിരയായത്.


മാര്‍ച്ച് 16ന് രാവിലെ 6.45ഓടെയാണ് സംഭവമെന്ന് സൂരജ് ഹുന്‍സൂരു റൂറല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണ്ണവ്യാപാരികളായ സംഘം മാര്‍ച്ച് 15ന് പുലര്‍ച്ചയാണ് രണ്ടു കിലോ സ്വര്‍ണം വില്‍ക്കുന്നതിനായി കാറില്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. വൈകീട്ട് അഞ്ചിന് ബംഗളൂരു ചിക്ക്‌പേട്ടിലെത്തി സ്വര്‍ണ വ്യാപാരിയുമായി ഒരു കോടി രൂപക്ക് കച്ചവടമുറപ്പിച്ചു. ഈ തുക കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ബോക്‌സിനകത്തായാണ് സൂക്ഷിച്ചിരുന്നത്.


വൈകീട്ട് 6.30ഓടെ ബംഗളൂരുവില്‍നിന്ന് മടങ്ങി. മൈസൂരുവില്‍നിന്ന് മാനന്തവാടി റോഡിന് പകരം ഹുന്‍സൂര്‍ ഗോണിക്കൊപ്പല്‍ വിരാജ്‌പേട്ട വഴി നാട്ടിലേക്ക് പോവാനായിരുന്നു തീരുമാനിച്ചത്. ഉറക്കക്ഷീണം ബാധിച്ചതോടെ വാഹനം ഹുന്‍സൂരിന് സമീപത്തെ കഫെ കോഫി ഡേക്ക് സമീപം നിര്‍ത്തിയിട്ട് ഉറങ്ങി. രാവിലെ 6.20ന് യാത്ര തുടര്‍ന്നു. അഞ്ച് കിലോമീറ്റര്‍ പിന്നിട്ട് യശോധപുരയിലെത്തിയപ്പോള്‍ പ്രാഥമികാവശ്യത്തിന് കാര്‍ നിര്‍ത്തി. ഈ സമയം ഒരു ഇന്നോവ കാര്‍ കാറിന് മുന്നില്‍ നിര്‍ത്തി ഏഴോളം പേര്‍ ഇറങ്ങി മൂവരെയും മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം ഇന്നോവ വാനിലിട്ട് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഹുന്‍സൂരിനും ചില്‍കുണ്ടക്കുമിടയില്‍ ഉരസു കല്ലഹള്ളിയില്‍ മൂവരെയും ഇറക്കിവിട്ട് കവര്‍ച്ച സംഘം രക്ഷപ്പെട്ടു. കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയ കാര്‍ പിന്നീട് ചില്‍കുണ്ടയില്‍നിന്ന് പൊലീസ് കണ്ടെടുത്തെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it