Latest News

കൊവിഡ്: സമൂഹ വ്യാപനം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കൊവിഡ്: സമൂഹ വ്യാപനം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
X

പത്തനംതിട്ട: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെയും ഉത്തരവുകള്‍ക്കു വിധേയമായി ദുരന്ത നിവാരണ നിയമം 2005 ലെ സെക്ഷന്‍ 26(2), 30, 33, 34 പ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ വരവ് പോക്ക് നിരീക്ഷിക്കാനായി അവരുടെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമുളള ശുചീകരണ സാമഗ്രികള്‍ (സാനിറ്റൈസര്‍, സോപ്പ്, വെള്ളം) ഉപഭോക്താക്കള്‍ക്കായി പ്രവേശനകവാടത്തില്‍ തന്നെ സജ്ജമാക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്ന ആളുകള്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തിര നടപടി സ്വീകരിക്കണം.

പൊതു ചടങ്ങുകള്‍ക്ക് (വിവാഹം, ഉത്സവം, സ്‌പോര്‍ട്‌സ്, കലാസാംസ്‌കാരിക പരിപാടികള്‍, ശവസംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയവ) ഔട്ട് ഡോര്‍ ചടങ്ങുകള്‍ക്ക് പരമാവധി 150 പേരും, ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് പരമാവധി 75 പേരും മാത്രമേ പാടുള്ളൂ. വിവാഹം, ഉത്സവം, സ്‌പോര്‍ട്‌സ്, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ പൊതു ചടങ്ങുകള്‍ മുന്‍കൂട്ടി കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു പരിപാടികളും രണ്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍, തീയേറ്ററുകള്‍, ബാറുകള്‍ എന്നിവ എല്ലാ ദിവസവും രാത്രി ഒന്‍പതിന് അടയ്ക്കണം.

മീറ്റിംഗുകള്‍ കഴിവതും ഓണ്‍ലൈന്‍ വഴി നടത്തണം. ഹോട്ടലുകളും, റസ്‌റ്റോറന്റുകളും കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഷോപ്പിംഗ് ഫെസ്റ്റിവല്‍ / മെഗാ സെയില്‍ എന്നിവ കോവിഡ് 19 രോഗ വ്യാപനം കുറയുന്നതുവരെയോ / അടുത്ത രണ്ടാഴ്ചത്തേയ്‌ക്കോ മാറ്റി വയ്ക്കണം. ബസുകളില്‍ യാതൊരു കാരണവശാലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിപ്പിക്കരുത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഇ സജ്ജീവനി (ടെലി മെഡിസിന്‍) സംവിധാനത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) കൂടുതല്‍ പ്രചരണം നടത്തണം. പുന:സംഘടിപ്പിച്ച വാര്‍ഡ്തല മോണിറ്ററിംഗ് കമ്മിറ്റികള്‍ ഏറ്റെടുത്ത് നടത്തേണ്ട കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടിമാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണം.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ദുര്‍ബല വിഭാഗങ്ങളെയും ( 45 വയസിനു മുകളിലുള്ളവര്‍) കണ്ടെത്തി കോവിഡ് വാക്‌സിന്‍ ആദ്യമേ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വാര്‍ഡ്തല കമ്മിറ്റികളും ഉറപ്പു വരുത്തണം. കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തണം. വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അടിയന്തിര നടപടി സ്വീകരിക്കണം.

Next Story

RELATED STORIES

Share it