Latest News

കൊവിഡ് നിയന്ത്രണം: മൃഗാശുപത്രികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു

കൊവിഡ് നിയന്ത്രണം: മൃഗാശുപത്രികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു
X

എറണാകുളം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു. രോഗ പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പല മേഖലകളും കണ്ടയിന്റ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സമയക്രമത്തില്‍ ചില താല്‍ക്കാലിക ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളത്.

രോഗ വ്യാപന സാഹചര്യം നിലവിലുള്ള അവസ്ഥയില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ മൃഗാശുപത്രിയില്‍ നേരിട്ടെത്തി സേവനം തേടേണ്ടതുള്ളു. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ മൃഗാശുപത്രി സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. മൃഗാശുപത്രി സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും ഫ്രണ്ട് ഓഫിസിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കര്‍ഷകന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഫ്രണ്ട് ഓഫിസില്‍ അറിയിക്കേണ്ടതാണ്. ആശുപത്രിയില്‍ കൊണ്ടു വരുന്ന മൃഗങ്ങള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുള്ളു. ആശുപത്രിക്കുള്ളിലോ പരിസരത്തോ ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിനീയമല്ല.

മൃഗാശുപത്രിയില്‍ നിന്ന് വീട്ടിലെത്തി ചികിത്സ ലഭ്യമാക്കേണ്ട അടിയന്തിര സാഹചര്യത്തില്‍ മൃഗാശുപത്രി ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട ശേഷം അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

അത്യാവശ്യമാല്ലാത്തതും നീട്ടിവയ്ക്കാവുന്നതുമായ സേവനങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നത് സമ്പര്‍ക്ക സാധ്യത കുറക്കുവാന്‍ സഹായിക്കും. ഓമന മൃഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍, കന്നുകാലികളിലെ ഗര്‍ഭധാരണത്തിനുള്ള കുത്തിവയ്പ്പ്, ഗര്‍ഭ പരിശോധന എന്നീ സേവനങ്ങള്‍ തേടുന്നത് കര്‍ഷകര്‍ അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഈ കാലയളവില്‍ പരമാവധി ഒഴിവാക്കേണ്ടതാണ്.

കര്‍ഷകരുടേയും വളര്‍ത്തുമൃഗങ്ങളുടെ ഉടമകളുടേയും മൃഗചികിത്സാ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ചികിത്സാ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലയില്‍ ടെലി വെറ്ററിനറി മെഡിസിന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും അവധി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെയും പ്രവര്‍ത്തിക്കുന്നതാണ്.

Next Story

RELATED STORIES

Share it