Latest News

താമരശ്ശേരി രൂപതയുടെ വിവാദ കൈപ്പുസ്തകം: വര്‍ഗീയധ്രുവീകരണ നീക്കങ്ങളെ നിയന്ത്രിക്കണമെന്ന് എസ്ഡിപിഐ

താമരശ്ശേരി രൂപതയുടെ വിവാദ കൈപ്പുസ്തകം: വര്‍ഗീയധ്രുവീകരണ നീക്കങ്ങളെ നിയന്ത്രിക്കണമെന്ന് എസ്ഡിപിഐ
X

കൊടുവള്ളി: സമുദായിക സൗഹാര്‍ദവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന നീക്കങ്ങളില്‍ മത മേലധ്യക്ഷാന്മാരും സ്ഥാപനങ്ങളും ഭാഗഭാക്കാവരുതെന്ന് എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. താമരശ്ശേരി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ വിശ്വാസികള്‍ക്ക് പരിശീലനത്തിനായി പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും' എന്ന കൈപ്പുസ്തകത്തില്‍ മുസ്‌ലിം മതവിശ്വാസികളെയും പുരോഹിതരെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് അത്യന്തം ഹീനമായ പ്രവര്‍ത്തിയാണെന്ന് യോഗം വിലയിരുത്തി.

വെറുപ്പുല്‍പാദിപ്പിച്ച് വര്‍ഗീയ ധ്രുവീകരണവും അതുവഴി വോട്ട് ബാങ്കും ലക്ഷ്യം വെക്കുന്നതാണ് സംഘപരിവാര്‍ അജണ്ട. ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ കാലത്ത് ഒന്നിച്ച് നില്‍ക്കേണ്ട ന്യൂനപക്ഷ സമൂഹങ്ങള്‍ തമ്മിലടിക്കുന്നത് ആത്മഹത്യാപരമാണ്. വിദ്വേഷ പ്രചാരണങ്ങളില്‍ പുരോഹിതര്‍ ഭാഗഭാക്കാവുന്നത് ഖേദകരമാണെന്നും ഇതിനെതിരേ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനക്ക് ശേഷം കേരളത്തില്‍ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന പുസ്തകം പിന്‍വലിക്കണമെന്നും വിഭാഗീയത പരത്തുന്ന നീക്കങ്ങളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണം. വിവാദ വിഷയങ്ങളില്‍ രേഖകളും കണക്കുകളും പുറത്തുവിടാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് സലീം കാരാടി യോഗത്തില്‍ അധ്യക്ഷനായി. ആബിദ് പാലക്കുറ്റി, ഇ.നാസര്‍, ബഷീര്‍ സി പി, റസാക്ക് മാസ്റ്റര്‍ കൊന്തളത്ത്, ഇ പി അബ്ദുല്‍ റസാഖ്, ടി പി യുസുഫ്, മുനീര്‍ കിഴക്കോത്ത്, നൗഫല്‍ വാടിക്കല്‍, അഷ്‌റഫ് നരിക്കുനി, ജമാല്‍ മാസ്റ്റര്‍, ഒ.എം.സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it