Latest News

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും വരുമാനത്തില്‍ വന്‍ വളര്‍ച്ച

ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സാമ്പത്തിക റിപോര്‍ട്ട് പരിശോധിച്ചാണ് ഇലക്ഷന്‍ വാച്ച്‌ഡോഗ് ഫോര്‍ ഡെമോക്രാറ്റിക് റിഫോം ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും വരുമാനത്തില്‍ വന്‍ വളര്‍ച്ച
X

ന്യൂഡല്‍ഹി: ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും വാര്‍ഷിക വരുമാന വളര്‍ച്ചയില്‍ വന്‍ കുതിപ്പ്. 2018-19 കാലത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സാമ്പത്തിക റിപോര്‍ട്ട് പരിശോധിച്ചാണ് ഇലക്ഷന്‍ വാച്ച്‌ഡോഗ് ഫോര്‍ ഡെമോക്രാറ്റിക് റിഫോം ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

2018 -19 കാലത്ത് ബിജെപിയുടെ വരുമാനം 2410 കോടി രൂപയായിരുന്നു, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 135 ശതമാനം കൂടുതല്‍. കോണ്‍ഗ്രസ്സിന്റെ വരുമാനം 918 കോടി, മുന്‍ വര്‍ഷത്തേക്കാള്‍ 361 ശതമാനത്തിന്റെ വളര്‍ച്ച. രണ്ട് പാര്‍ട്ടികള്‍ക്കും കഴിഞ്ഞ 18 വര്‍ഷം ലഭിച്ചതിനേക്കാള്‍ കൂടുതലാണ് 2018-19 ലെ വരുമാനം.

തുടര്‍ച്ചയായ നാല് വര്‍ഷം കോണ്‍ഗ്രസ്സിന്റെ വരുമാനത്തില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 2012-13 കാലത്ത് രണ്ട് പാര്‍ട്ടികളും കൂടി ലഭിച്ച വരുമാനത്തിന്റെ പകുതിയില്‍ അധികവും കോണ്‍ഗ്രസ്സിനാണ് ലഭിച്ചിരുന്നത്. 2013-14 നുശേഷം കോണ്‍ഗ്രസ്സിന്റെ വരുമാനം കുറയുകയും അത് 16 ശതമാനത്തിലേക്കെത്തുകയും ചെയ്തു. 2017-18 കാലയളവിലാണ് ഇത്. 2018-19 കാലത്ത് അത് 28 ശതമാനമായി ഉയര്‍ന്നു.

ഇലക്ഷന്‍ ബോണ്ടുകള്‍, കോര്‍പറേറ്റ് സംഭാവനകള്‍ തുടങ്ങി വ്യത്യസ്ത മാര്‍ഗത്തിലൂടെയാണ് പാര്‍ട്ടികള്‍ക്ക് വരുമാനമുണ്ടാവുന്നത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് 60 ശതമാനം വരുമാനമാണ് ഉണ്ടായത്. അത് ഏകദേശം 1451 കോടി വരും. കോണ്‍ഗ്രസ്സിന് ഇത് 383 കോടിയായിരുന്നു. അത് ഏകദേശം 42 ശതമാനവും വരും.

ചെലവിന്റെ കാര്യത്തിലും ബിജെപിയാണ് മുന്നില്‍. 2018-19 കാലത്ത് ബിജെപി 1005 കോടിയാണ് ചെലവഴിച്ചത്. കോണ്‍ഗ്രസ്സ് 470 കോടിയും. പാര്‍ട്ടി പരിപാടികളും പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് രണ്ടു പാര്‍ട്ടികളും പണം കൂടുതല്‍ ചെലവഴിച്ചത്.

Next Story

RELATED STORIES

Share it