അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും; മോദിയെ ട്രോളി രാഹുൽ

അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും; മോദിയെ ട്രോളി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച മോദിക്കെതിരേ ട്രോളുമായി പിന്നാലെയുണ്ട് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. നേരത്തെ റഫേൽ വിഷയത്തിൽ സംവാദത്തിനും കൂടി തയ്യാറാവണമെന്ന് പരിഹസിച്ചതിനെത്തുടർന്ന് ഇപ്പോൾ ട്വിറ്ററിൽ പുതിയൊരു ട്രോളുമായാണ് രാഹുൽ വന്നിട്ടുള്ളത്. കാര്യം ഇങ്ങനെയാണ്. " അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! പ്രധാനമന്ത്രിയെ ഒന്നും പറയാതെ മൂലയ്ക്കിരുത്തുകയാണ് അമിത് ഷാ ചെയ്തതെന്ന മട്ടിലായിരുന്നു രാഹുലിന്റെ ട്വീറ്റ്. മാധ്യമങ്ങളെ കണ്ടതൊക്കെ കൊള്ളാം, റഫാലില്‍ മോദി എന്തുകൊണ്ട് തന്നോട് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നായിരുന്നു നേരത്തെ രാഹുല്‍ ചോദിച്ചത്.

ബിജെപി അധ്യക്ഷൻ അമിത് ഷായെ കൂടെക്കൂട്ടി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പാണ് മോദി മാധ്യമങ്ങളെ കണ്ടത്. ഇത് അസാധാരണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം നടക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു രാഹുലിന്റേയും വാർത്താസമ്മേളനം.

വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ പക്ഷപാതം കാണിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഷെഡ്യൂളുകള്‍ ഉണ്ടാക്കിയത് മോദിജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണെന്നും മോദിയുടേയും ബിജെപിയുടേയും കയ്യില്‍ പണമുണ്ടെന്നും ഞങ്ങളുടെ കയ്യില്‍ സത്യം മാത്രമാണ് ഉള്ളതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top