Big stories

ഉത്തരാഖണ്ഡില്‍ ദലിതനായ വരനെ കുതിരപ്പുറത്തുനിന്ന് ഇറക്കി നടത്തിച്ചതായി പരാതി; അന്വേഷണം ആരംഭിച്ചു

ഉത്തരാഖണ്ഡില്‍ ദലിതനായ വരനെ കുതിരപ്പുറത്തുനിന്ന് ഇറക്കി നടത്തിച്ചതായി പരാതി; അന്വേഷണം ആരംഭിച്ചു
X

രുദ്രാപൂര്‍: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ദലിത് വിഭാഗത്തില്‍പ്പെടുന്ന വരനെ അക്കാരണത്താല്‍ കുതിരപ്പുറത്തുനിന്ന് ഇറക്കി നടത്തിച്ചതായി പരാതി. വരന്റെ പിതാവാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ജില്ലാ അധികൃതര്‍ക്കു ലഭിച്ച പരാതി അനുസരിച്ച് തിങ്കളാഴ്ചയാണ് സംഭവം. വരന്റെ പിതാവ് ദര്‍ശന്‍ ലാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പരാതി കൈമാറി. തന്റെ മകന്‍ വിക്രം കുമാറിനെ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്തുനിന്ന് ഇറക്കിനടത്തിച്ചുവെന്നാണ് പരാതി. ദലിത് വിഭാഗത്തില്‍പ്പെട്ടവരായതുകൊണ്ടാണ് ഇതെന്നും പരാതിയില്‍ പറയുന്നു.

തന്റെ മകനെ കൊല്ലുമെന്ന് സവര്‍ണര്‍ ഭീഷണിമുഴക്കിയതായും ജാതി അധിക്ഷേപം വിളിച്ചുപറഞ്ഞതായും പരാതിയുണ്ട്.

അല്‍മോറ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനാണ് അന്വേഷണച്ചുമതല.

ഈ പ്രദേശങ്ങളില്‍ ക്രമസമാധാനച്ചുമതല റവന്യൂവകുപ്പിനായതിനാല്‍ റവന്യൂപോലിസിനെ സംഭവസ്ഥലത്തെത്തിച്ചു.

ഐപിസിയിലെ വിവിധ വകുപ്പുകളനുസരിച്ച് ആറ് പേരെ അറസ്റ്റ് ചെയ്തു. അതില്‍ അഞ്ച് പേര്‍ സ്്ത്രീകളാണ്. ഐപിസി 504, 506, എസ് സി, എസ് ടി പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

അല്‍മോറ ജില്ലാകേന്ദ്രത്തില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

നടപടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ലാല്‍ അറിയിച്ചു. ഗ്രാമമുഖ്യന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

ഭുമിയ ദേവന്റെ മുന്നിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കരുതെന്ന വിലക്കുണ്ടെന്നും അതുകൊണ്ട് കുതിരപ്പുറത്തുനിന്ന് ഇറങ്ങണമെന്ന് വരനോട് അഭ്യര്‍ത്ഥിച്ചെന്നുമാണ് ഗ്രാമീണര്‍ നല്‍കുന്ന വിശദീകരണം. പക്ഷേ, വരന്‍ അതിനു തയ്യാറായില്ലത്രെ. ചിലര്‍ ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗ്രാമമുഖ്യന്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ ദലിത് വരന്മാരെ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ താഴെയിറക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it