Latest News

ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തിനാണിത്ര വേവലാതി; വിമര്‍ശനത്തിന് ഇരയായവര്‍ക്ക് പകയുണ്ടാകുമെന്നും മുഖ്യമന്ത്രി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയുമായി എം ശിവശങ്കറെ പൂര്‍ണമായും ന്യായീകരിക്കുകയായിരുന്നു പിണറായി വിജയന്‍

ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തിനാണിത്ര വേവലാതി; വിമര്‍ശനത്തിന് ഇരയായവര്‍ക്ക് പകയുണ്ടാകുമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളെ ശരിവെക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.

സര്‍വീസില്‍ തുടരുന്ന എം ശിവശങ്കറിന് പുസ്തകമെഴുതാന്‍ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. ശിവശങ്കറിന്റെ പരാമര്‍ശങ്ങളെ കുറിച്ചും അതിനോട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പ്രതികരണങ്ങളെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ പുസ്തകത്തിലുള്ളത് മാധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പ്രതിരോധിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

'ശിവശങ്കറിന്റെ പുസ്തകവുമായി വന്ന വാര്‍ത്തകളില്‍ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാറിന്റെ വാക്കുകളാണ്. ആ പുസ്തകത്തില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച്. സ്വാഭാവികമായും ആ വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള ഒരു തരം പ്രത്യേക പക ഉയര്‍ന്നുവരും എന്ന് നാം കാണണം. അത് അതേ രീതിയില്‍ വന്നു എന്നാണ് ശശികുമാര്‍ അഭിപ്രായപ്പെട്ടത്. അതു തന്നൊയണ് എന്റേയും തോന്നല്‍.

ഇതിനകത്തുള്ള ഏജന്‍സിയും നിങ്ങള്‍ മാധ്യമങ്ങളും ചേര്‍ന്നുള്ള ചില കാര്യങ്ങള്‍ ഇതിന്റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയില്‍ മാത്രമേ തീരുമാനിക്കാനാവൂ. അതു വരട്ടേ. പുസ്തകത്തില്‍ നിങ്ങള്‍ക്ക് പൊള്ളലേല്‍ക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോള്‍ നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് ഇത്ര വേവലാതി. പുസ്തകം എഴുതാന്‍ ശിവശങ്കര്‍ അനുമതി വാങ്ങിയോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച ഒരു നിലപാടില്ലേ. അന്ന് വിവാദം വന്നപ്പോള്‍ തന്നെ പോലിസ് അന്വേഷണം ആരംഭിച്ചതാണ്. അതേക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്'.

അതേസമയം, പുസ്തകത്തിലെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരാണെന്ന മുഖ്യമന്ത്രിയുടെ നിരീക്ഷണം, പുസ്തകത്തില്‍ പരാമര്‍ശിച്ച വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് നേരത്തെ അറിയുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നതാണ്. എന്നാല്‍, ചോദ്യങ്ങളുയര്‍ത്തുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച്, സ്വപ്‌ന സുരേഷ് എം ശിവശങ്കറിനെതിരേ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Next Story

RELATED STORIES

Share it