Latest News

കേന്ദ്ര ബജറ്റ്2026: കേരളം അടക്കം നാലു സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് ധാതു ഇടനാഴി

കേന്ദ്ര ബജറ്റ്2026: കേരളം അടക്കം നാലു സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് ധാതു ഇടനാഴി
X

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റില്‍ തുടക്കത്തിലേ കേരളത്തിനായി സുപ്രധാന പ്രഖ്യാപനം. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ നാലു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി (മിനറല്‍ കോറിഡോര്‍) സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞം-ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയും ഇതിന്റെ ഭാഗമായാണ് പരിഗണിച്ചിരിക്കുന്നത്. ഈ പദ്ധതി കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

ധാതുസമ്പുഷ്ടമായ സംസ്ഥാനങ്ങളിലെ ധാതു ഖനനം, സംസ്‌കരണം, മൂല്യവര്‍ധനം എന്നിവ ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. 'ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്‍'ന്റെ ഭാഗമായാണ് ധാതു ഇടനാഴി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 40,000 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. കേരളത്തിലെ ധാതുസമ്പത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയെ ആഗോള ബയോഫാര്‍മ മാനുഫാക്ചറിംഗ് ഹബ്ബാക്കാനുള്ള ലക്ഷ്യത്തോടെ 10,000 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിനായി 5,000 കോടി രൂപയും അനുവദിച്ചു. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി 'നാഷണല്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ്' പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ കേരളത്തിലെ തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

കായിക ഉപകരണങ്ങളുടെ നിര്‍മ്മാണവും ഗവേഷണവും പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തി. നാഷണല്‍ ഫൈബര്‍ പ്രോജക്ട് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും ചെറുകിട പദ്ധതികള്‍ക്കായി 2,000 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it