Latest News

അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന് സുപ്രിംകോടതിയുടെ കടുത്ത നടപടി; ബന്ധുക്കളുടെ കമ്പനികൾക് കരാറുകൾ നൽകിയതിന് സിബിഐ അന്വേഷണം

അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്  സുപ്രിംകോടതിയുടെ കടുത്ത നടപടി; ബന്ധുക്കളുടെ കമ്പനികൾക് കരാറുകൾ നൽകിയതിന് സിബിഐ അന്വേഷണം
X

ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുയെ ചുറ്റിപ്പറ്റിയുള്ള കരാർ വിവാദത്തിൽ സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പൊതുമരാമത്ത് കരാറുകൾ അനുകൂലമായി നൽകിയെന്ന പരാതിയിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം അന്വേഷണം ആരംഭിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചു. 2015 ജനുവരി മുതൽ 2025 ഡിസംബർ വരെ നൽകിയ കരാറുകളും വർക്ക് ഓർഡറുകളും സമഗ്രമായി പരിശോധിക്കാനാണ് നിർദേശം.

സംസ്ഥാന സർക്കാരിന് അന്വേഷണവുമായി പൂർണ സഹകരണം നൽകണമെന്നും, ഏകോപനത്തിനായി നോഡൽ ഓഫീസറെ നിയമിക്കണമെന്നും കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും നശിപ്പിക്കരുതെന്നും കർശനമായി മുന്നറിയിപ്പ് നൽകി. അന്വേഷണ പുരോഗതി സംബന്ധിച്ച സ്റ്റാറ്റസ് റിപോർട്ട് 16 ആഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

‘സേവ് മോൺ റീജിയൻ ഫെഡറേഷൻ’, ‘വോളന്ററി അരുണാചൽ സേന’ എന്നീ സംഘടനകളാണ് ഹരജി സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ, മാതാവ്, അനന്തരവൻ എന്നിവരുമായി ബന്ധമുള്ള കമ്പനികൾക്ക് നിയമലംഘനങ്ങളോടെ ടെൻഡറുകൾ നൽകിയെന്നതാണ് പ്രധാന ആരോപണം.

ഇതിൽ ‘M/s Brand Eagles’ എന്ന കമ്പനിയ്ക്ക് വൻ നിർമാണ കരാറുകൾ നൽകിയതും, തവാങ് എംഎൽഎയും ഖണ്ഡുവിന്റെ ബന്ധുവുമായ സെറിങ് താഷിയുമായി ബന്ധപ്പെട്ട ‘M/s Alliance Trading Co’ ക്ക് അനുകൂലമായി കരാറുകൾ നൽകിയതുമാണ് ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്.

സംസ്ഥാനത്തെ ആകെ സർക്കാർ കരാറുകളിൽ ഏകദേശം 3മൂന്നു ശതമാനം കരാറുകൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് ലഭിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.

2016 മുതൽ മുഖ്യമന്ത്രിയായിരിക്കുന്ന പേമ ഖണ്ഡു, മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം പിന്നീട് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലും തുടർന്ന് ബിജെപിയിലും ചേർന്നു.

2024ൽ സമർപ്പിച്ച ഹരജിയിൽ സംസ്ഥാനതല അന്വേഷണം സുതാര്യമാകില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സുപ്രിംകോടതി നേരിട്ട് സിബിഐ അന്വേഷണം നിർദേശിച്ചത്.

Next Story

RELATED STORIES

Share it