Latest News

വൃദ്ധസദനത്തില്‍ വയോധികയ്ക്കു നേരേ ക്രൂരമര്‍ദ്ദനം; നടത്തിപ്പുകാരിക്കെതിരേ കേസ്

വൃദ്ധസദനത്തില്‍ വയോധികയ്ക്കു നേരേ ക്രൂരമര്‍ദ്ദനം; നടത്തിപ്പുകാരിക്കെതിരേ കേസ്
X

തൃപ്പൂണിത്തുറ: വൃദ്ധസദനത്തില്‍ വയോധികയ്ക്ക് നേരേ ക്രൂരമര്‍ദനം. എരൂരിലെ ആര്‍ ജെ ചാരിറ്റബിള്‍ ട്രസ്റ്റ് വൃദ്ധസദനത്തില്‍ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് സ്ഥാപന നടത്തിപ്പുകാരിക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ ശാന്ത(71)യാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇവര്‍ ഗുരുതരാവസ്ഥയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഭര്‍ത്താവിന്റെ മരണശേഷം സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്ന ശാന്ത. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൂടുതല്‍ പരിചരണത്തിനായി കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് എരൂരിലെ വൃദ്ധസദനത്തിലേക്ക് മാറ്റി. എന്നാല്‍, മൂന്നാം ദിവസം മുതലാണ് പീഡനം ആരംഭിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അസഭ്യം പറയല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, കട്ടിലില്‍ നിന്ന് നിലത്തിട്ടു ചവിട്ടല്‍ തുടങ്ങിയ ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്നതായി ശാന്ത വ്യക്തമാക്കി. വാരിയെല്ലിന് പൊട്ടലും മുഖത്തടിയേറ്റ് ഒരു പല്ല് നഷ്ടപ്പെട്ടതായും മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.

ബന്ധുക്കള്‍ കാണാനെത്തുമ്പോഴൊക്കെ വൃദ്ധസദനത്തിലെ ജീവനക്കാര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ശാന്തയെ കാണാന്‍ അനുവദിക്കാതിരുന്നതായും കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസാവസാനം ശ്വാസതടസ്സം അനുഭവിക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തനിക്കു നേരേയുണ്ടായ മര്‍ദ്ദനവിവരം പുറത്തുവന്നത്. സഹോദരി സുലോചനയുടെ വിവരപ്രകാരം, ശാന്തയുടെ പരിചരണത്തിനായി മാസം 24,000 ഫീസ് ഈടാക്കുകയും ആദ്യ മാസം അഡ്വാന്‍സായി 25,000 നല്‍കുകയും ചെയ്തിരുന്നു. നാലു നഴ്‌സുമാരും ഒരു ഡോക്ടറും സ്ഥിരമായി സേവനമുണ്ടെന്ന് പറഞ്ഞാണ് വൃദ്ധസദനം തിരഞ്ഞെടുത്തത് എന്നും അവര്‍ പറഞ്ഞു.

അതേസമയം, പരാതി നിഷേധിച്ച് ട്രസ്റ്റ് നടത്തിപ്പുകാരന്‍ ആകാശ് പ്രതികരിച്ചു. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ശാന്തയെ താല്‍ക്കാലികമായി സ്ഥാപനം വഴി പരിചരിച്ചതാണെന്നും പണം സമയത്ത് നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മര്‍ദ്ദനാരോപണം അടിസ്ഥാനരഹിതമാണെന്നും പോലിസ് ഇടപെടലിനുശേഷമാണ് ശാന്തയെ മാറ്റിയതെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it