Latest News

അഗ്‌നിപഥിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍; ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം

അഗ്‌നിപഥിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍; ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് അഗ്‌നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ബന്ദ് ബാധിച്ചേക്കും. ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോലിസിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഔദ്യോഗികമായി ആരും ഭാരത് ബന്ദിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഹരിയാനയിലും ഉത്തര്‍പ്രദേശിലും പ്രതിഷേധം കൂടുതല്‍ ശക്തമാവുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അതീവജാഗ്രതയിലാണ്.

ബിഹാറില്‍ സംസ്ഥാന പോലിസിനും റെയില്‍വ പോലിസിനും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. ബിഹാറില്‍ അക്രമസംഭവങ്ങള്‍ക്ക് ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് അഗ്‌നിപഥ് വിജ്ഞാപനം വരുന്നതോടെ സ്ഥിതി വഷളാവാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് 15 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് നീട്ടിയിരിക്കുകയാണ്.

ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്കന്തരാബാദില്‍ പ്രതിഷേധത്തിനിടെ ട്രെയിന്‍ കത്തിച്ച സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം കേന്ദ്രസര്‍ക്കാര്‍ കടുപ്പിച്ചിട്ടുണ്ട്. അഗ്‌നിപഥിനെതിരേ പ്രചരണം നടത്തിയ 35 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലിസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സേനയും മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പോലിസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലിസ് പിക്കറ്റിങും പട്രോളിങ്ങും ഏര്‍പ്പെടുത്തും. ജില്ലാ പോലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും- ഡിജിപി അറിയിച്ചു.

Next Story

RELATED STORIES

Share it