Latest News

കുറുവ കവര്‍ച്ചാ സംഘത്തെ ചെറുക്കാം; ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍

കുറുവ കവര്‍ച്ചാ സംഘത്തെ ചെറുക്കാം; ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍
X

പാലക്കാട്: തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപകടകാരികളായ കുറുവ കവര്‍ച്ചാ സംഘം കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പോലിസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 75ഓളം പേര്‍ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നത് എന്നാണ് പോലിസിന് ലഭിച്ച സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് കുറുവ സംഘം രാത്രി മോഷണത്തിന് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവ മോഷ്ടാക്കള്‍ എത്താറുള്ളത്. അര്‍ദ്ധരാത്രി 2 മണിക്കും 4നും ഇടയിലാണ് സാധാരണയായി കവര്‍ച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാര്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറാറുള്ളത്.

കവര്‍ച്ച നടന്ന മിക്ക വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പുള്ളതാക്കുകയും ലോക്ക് ചെയ്‌തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടച്ച് താക്കോല്‍ ഉപയോഗിച്ച് പൂട്ടുക, വാതിലിന്റെ പുറകില്‍ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും, ജനല്‍ പാളികള്‍ രാത്രി അടച്ചിടുക. അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി കാര്യം അന്വേഷിക്കുക.

വീടിനു പുറത്തും അടുക്കള ഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓണ്‍ ചെയ്ത് നിര്‍ത്തുക. അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവര്‍ ,യാചകര്‍,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കണമെന്നും പോലിസ് പറയുന്നു.

കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ , ആയുധങ്ങള്‍, പാര, മഴു ഗോവണി എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാല്‍ പുറത്ത് ഇറങ്ങരുത്. രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ അയല്‍ വാസികളെ വിവരം അറിയിക്കുകയും, വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുക. കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ അലമാര, മേശ പോലുള്ളവയില്‍ സൂക്ഷിക്കാതിരിക്കുക, കൂടുതല്‍ വിലപിടിപ്പുള്ളവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണം, ഗ്യാരണ്ടി ആഭരണങ്ങള്‍ അണിയിക്കാതിരിക്കുക

കവര്‍ച്ച നടന്നാല്‍ ഉടന്‍ പോലിസിലും അയല്‍വാസികളെയും അറിയിക്കുക. പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ തൊടാതിരിക്കുക. കവര്‍ച്ച ശ്രമം നടന്നാല്‍ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക. രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയല്‍ വീടുകളിലെ നമ്പര്‍ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്‌റ്റേഷന്‍ നമ്പര്‍ എല്ലാ വീട്ടിലും സൂക്ഷിക്കുക.

Next Story

RELATED STORIES

Share it