Latest News

സിഎഎ - എന്‍ആര്‍സി വിരുദ്ധ സമരം; 835 കേസുകളില്‍ പിന്‍വലിച്ചത് രണ്ടെണ്ണം മാത്രം

വോട്ട് നേടാനുള്ള വെറുംവാക്ക് മാത്രമായിരുന്നു പിണറായി വിജയന്റെ അന്നത്തെ പ്രസ്താവന എന്ന് വ്യക്തമാവുകയാണ്

സിഎഎ - എന്‍ആര്‍സി വിരുദ്ധ സമരം; 835 കേസുകളില്‍ പിന്‍വലിച്ചത് രണ്ടെണ്ണം മാത്രം
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ നിയമ വിരുദ്ധ സമരത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ആകെ 835 കേസുകള്‍ എടുത്തതില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ പിന്‍വലിച്ചത്. കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലെ കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ അനുമതി നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഫെബ്രുവരിയില്‍ പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ടെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആറുമാസമായിട്ടും കേസുകള്‍ പിന്‍വലിച്ചിട്ടില്ല. ഇതോടെ വോട്ട് നേടാനുള്ള വെറുംവാക്ക് മാത്രമായിരുന്നു പിണറായി വിജയന്റെ അന്നത്തെ പ്രസ്താവന എന്ന് വ്യക്തമാവുകയാണ്.

കേസുകളില്‍ സംസ്ഥാന പൊലിസ് മേധാവി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലിസ് മേധാവിമാര്‍ എന്നിവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമായിരുന്നു നല്‍കിയിരുന്നത്. 20 പൊലിസ് ജില്ലകളിലായി 835 കേസുകളാണ് എടുത്തിരുന്നത്. ഇതില്‍ കണ്ണൂര്‍ സിറ്റി പരിധിയിലെ രണ്ടു കേസുകളാണ് പിന്‍വലിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റി, റൂറല്‍ പൊലിസ് ജില്ലകളിലെ 159 കേസുകളില്‍ ഒന്നുപോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല.

തിരുവനന്തപുരം സിറ്റി 39, തിരുവനന്തപുരം റൂറല്‍ 47, കൊല്ലം സിറ്റി 15, കൊല്ലം റൂറല്‍ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, എറണാകുളം സിറ്റി 17, എറണാകുളം റൂറല്‍ 38, തൃശൂര്‍ സിറ്റി 66, തൃശൂര്‍ റൂറല്‍ 20, പാലക്കാട് 85, മലപ്പുറം 93, കോഴിക്കോട് സിറ്റി 56, കോഴിക്കോട് റൂറല്‍ 103, വയനാട് 32, കണ്ണൂര്‍ സിറ്റി 54, കണ്ണൂര്‍ റൂറല്‍ 39, കാസര്‍കോട് 18 എന്നിങ്ങനെയാണ് പൗരത്വ നിയമ വിരുദ്ധ സമരക്കാര്‍ക്കെതിരേ കേസുകള്‍ എടുത്തിരുന്നത്.


Next Story

RELATED STORIES

Share it