Latest News

ബുള്‍ഡോസര്‍ അരാജകത്വം അവസാനിപ്പിക്കണം: എസ്ഡിപിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍ അരാജകത്വം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഒരു മദ്‌റസയും മസ്ജിദും തകര്‍ത്തത് തങ്ങളുടെ യജമാനന്മാരെ സന്തോഷിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ അമിതാവേശമാണ്. മുസ്ലിം സമൂഹത്തിന്റെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. സര്‍ക്കാരുകളുടെ പിന്തുണയോടെ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്ന ഈ ക്രൂരതയുടെ ഇരകളാവുന്ന പൗരന്മാര്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല.

ഇത്തരം വിനാശകരമായ പ്രവൃത്തികൾ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഹല്‍ദ്വാനിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന 4000-ത്തിലധികം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കുടിയൊഴിപ്പിക്കലിന്റെ തിരക്കഥയില്‍ വ്യക്തതയും വസ്തുതയും ഇല്ലെന്നു മാത്രമല്ല, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. തങ്ങളുടെ 29 ഏക്കര്‍ ഭൂമി കൈയേറിയെന്നും ഈ 29 ഏക്കറില്‍ 10 ഏക്കര്‍ തിരിച്ചുപിടിച്ചുവെന്നുമാണ് 2007ല്‍ റെയില്‍വേ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. 78 ഏക്കര്‍ സ്ഥലത്ത് തൂണുകള്‍ അടയാളപ്പെടുത്തി സ്ഥാപിച്ചുവെന്നായിരുന്നു 2016ലെ അവരുടെ വാദം. എന്നാൽ, റെയില്‍വേക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമില്ലെന്നും ഭൂമി സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളതാണെന്നുമായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം. പക്ഷേ ഈ നിലപാടില്‍ നിന്ന് പിന്നീട് സര്‍ക്കാര്‍ പിന്മാറി.

സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വീടുകള്‍, വാണിജ്യ സ്ഥലങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മതപരമായ സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.

ഹല്‍ദ്വാനിയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ആറ് ജീവനുകള്‍ അപഹരിക്കുകയും 250 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നീതി നിഷേധം ഇരകളുടെ പ്രതികരണത്തിലേക്ക് നയിക്കും. അത് രാജ്യത്തിൻ്റെ അരാജകത്വത്തില്‍ അവസാനിക്കും. സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും രാജ്യത്തെ പൗരന്മാരെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും അത്തരം വംശീയവും പ്രതികാരപരവുമായ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന അരാജകത്വത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മുഹമ്മദ് ഷെഫി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it