Latest News

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 57 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അരവിന്ദ് കെജ് രിവാളിനെതിരേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 57 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അരവിന്ദ് കെജ് രിവാളിനെതിരേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് വനിതകളും 11 പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടും.

13 സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനോജ് തിവാരി പറഞ്ഞു.മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് കപില്‍ മിശ്ര ജനവിധി തേടും. വിജേന്ദ്രര്‍ ഗുപ്ത, കപില്‍ മിശ്ര, ഷിഖ റായി, നീല്‍കമാല്‍ ഖത്രി, സുരേന്ദ്ര സിങ്, വിക്രം ബിന്ദുരി, സുമന്‍ കുമാര്‍ ഗുപ്ത, അഷിഷ് സൂദ്, രവി നേഗി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍. രവി നേഗിയാണ് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനിഷ് ശിശോദിതയെ പട്പര്‍ഗഞ്ചില്‍ നേരിടുന്നത്. എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നേരിടുന്നതാരാണെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.

കോണ്‍ഗ്രസും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ മുഴുവന്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ 46 നിയമസഭാംഗങ്ങള്‍ വീണ്ടും മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍നിന്ന് വീണ്ടും ജനവിധി തേടും. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പതിനൊന്നിന് വോട്ടെണ്ണും.





Next Story

RELATED STORIES

Share it