Latest News

ഉദ്ഘാടന ഓഫറായി പത്തു രൂപക്ക് ബിരിയാണി: ആള്‍തിരക്കേറിയതോടെ കടയുടമ പോലീസ് പിടിയില്‍

ഇതോടെ രാവിലെ പതിനൊന്ന് മണിയോടെ തന്നെ ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചു കൂടാന്‍ തുടങ്ങി. ജനത്തിരക്ക് റോഡിലേക്ക് കൂടി വ്യാപിച്ചതോടെ പൊലീസ് ഇടപെട്ടു.

ഉദ്ഘാടന ഓഫറായി പത്തു രൂപക്ക് ബിരിയാണി: ആള്‍തിരക്കേറിയതോടെ കടയുടമ പോലീസ് പിടിയില്‍
X

ചെന്നൈ: പുതിയ കട തുറന്ന ദിവസം ഉദ്ഘാടന ഓഫറായി പത്തു രൂപക്ക് ബിരിയാണി വില്‍പ്പന നടത്തിയ കടയുടമ പോലീസിന്റെ പിടിയിലായി. പത്തു രൂപക്ക് ഒരു പ്ലേറ്റ് ബിരിയാണി വാങ്ങാനെത്തിയവരുടെ തിരക്ക് ഗതാഗതക്കുരുക്കിലേക്കു വരെ എത്തിയതോടെയാണ് പോലിസ് രംഗത്തിറങ്ങിയത്. മാസ്‌ക ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ എല്ലാം തെറ്റിക്കുന്ന തരത്തില്‍ ജനങ്ങള്‍ കൂടിയതോടെ കടയുടമയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട് വിരുധുനഗര്‍ സ്വദേശിയായ സാഹിര്‍ ഹുസൈന്‍ എന്ന 29കാരനാണ് ഭക്ഷണശാല ആരംഭിച്ച ദിവസം തന്നെ പൊലീസിന്റെ പിടിയിലായത്. പകര്‍ച്ചാവ്യാധി നിയമം, ദുരന്തനിവാരണ നിയമം തുടങ്ങി വകുപ്പുകളും ഇയാള്‍ക്കെതിരില്‍ ചുമത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈ മേഖലയില്‍ സാക്കിര്‍ ഹുസൈന്‍ ബിരിയാണി ഷോപ്പ് തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപയ്ക്ക് നല്‍കുമെന്ന് പരസ്യവും ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങുന്ന കച്ചവടം ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കുമെന്നും പരസ്യം ചെയ്തിരുന്നു. ഇതോടെ രാവിലെ പതിനൊന്ന് മണിയോടെ തന്നെ ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചു കൂടാന്‍ തുടങ്ങി. ജനത്തിരക്ക് റോഡിലേക്ക് കൂടി വ്യാപിച്ചതോടെ പൊലീസ് ഇടപെട്ടു. 2500 ബിരിയാണി പാക്കറ്റുകളാണ് വില്‍പ്പനക്ക് തയ്യാറാക്കിയത്. ഇതില്‍ 500 എണ്ണം വിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി ആളുകളെ ഒഴിവാക്കി. സാഹിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബാക്കി വന്ന ബിരിയാണി പാക്കറ്റുകള്‍ ഭക്ഷണത്തിന് വകയില്ലാത്ത പാവങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിതരണം ചെയ്യുന്നതിനായി പൊലീസ് തന്നെ മുന്‍കയ്യെടുക്കുകയും ചെയ്തു. സാഹിറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Next Story

RELATED STORIES

Share it