Latest News

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ; വാര്‍ത്തകള്‍ തള്ളി പി എം എ സലാം

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ; വാര്‍ത്തകള്‍ തള്ളി പി എം എ സലാം
X

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്ത്. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുസ്‌ലിം ലീഗില്‍ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കിയ സമരങ്ങള്‍ ഏതൊക്കെയന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ സൗഹാര്‍ദ സംഗമങ്ങള്‍ വിമര്‍ശനത്തിനുള്ള വേദിയായിരുന്നില്ലെന്നും പി എം എ സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് ജനാധിപത്യപാര്‍ട്ടിയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ലീഗ് നയം. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടായിട്ടില്ല. ചന്ദ്രികയുടെ കടം ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തു. ഇനിയും കടമുണ്ടാവരുതെന്ന് ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അത് അംഗീകരിച്ചെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്നോട്ടുപോയിട്ടില്ല. ആശയത്തെ എതിര്‍ക്കാം, വ്യക്തിയെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. പരമാവധി സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനാണ് ആ പരിപാടി നടത്തിയത്.

സംസ്ഥാന അധ്യക്ഷന്റെ സൗഹാര്‍ദ യാത്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭവിളംബരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗഹാര്‍ദ സംഗമത്തില്‍ കുഞ്ഞാലിക്കുട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചില്ലെന്നാണ് ഇന്നലത്തെ ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. താങ്കള്‍ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ടെന്ന കെ എസ് ഹംസയുടെ പരാമര്‍ശമാണ് തര്‍ക്കവിഷയമായത്. താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി കെ ബഷീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനമുയര്‍ത്തിയെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it