Latest News

ട്വിറ്ററിന്റെ ജാതിവിവേചനം: ട്വിറ്റര്‍ ഓഫിസില്‍ ഭീം ആദ്മിയുടെ ഘരാവോ

ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ വേരിഫൈ ചെയ്തിട്ടുണ്ടെങ്കിലും കീഴാളരുടെ കാര്യത്തില്‍ ഇത് നൂറില്‍ കൂടില്ല.

ട്വിറ്ററിന്റെ ജാതിവിവേചനം: ട്വിറ്റര്‍ ഓഫിസില്‍  ഭീം ആദ്മിയുടെ ഘരാവോ
X

മുംബൈ: ട്വിറ്ററിന്റെ ജാതിവിവേചന നിലപാടിനെ ചോദ്യം ചെയ്ത് ഭീം ആദ്മി പ്രവര്‍ത്തകര്‍ ട്വിറ്ററിന്റെ മുംബൈയിലെ ഓഫിസ് ഘരാവോ ചെയ്തു. ട്വിറ്റര്‍ ദലിത് കീഴാള ജനതയ്‌ക്കെതിരേ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ദലിത് ബഹുജന്‍ ബുദ്ധിജീവിയായ പ്രഫ. ദിലീപ് മണ്ഡലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഭീം ആദ്മി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

ദിലീപ് മണ്ഡലിന്റെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫിക്കേഷനുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് വേരിഫൈ ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ പത്രപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയുടെ ട്വിറ്റര്‍ അക്കൗണ്ട് വേഗത്തില്‍ തന്നെ വേരിഫൈ ചെയ്യുകയും ചെയ്തു. ഇത് താനൊരു ദലിതനായതുകൊണ്ടും ശേഖര്‍ ഗുപ്ത സവര്‍ണനായതുകൊണ്ടുമാണെന്ന് പ്രഫ. ദിലീപ് ആരോപിച്ചു. ദിലീപ് മണ്ഡലിന്റെ പ്രഫൈലിനു നേരെ ഒരു നീല വരയുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കീഴ്ജാതിസ്വത്വം മറ്റുള്ളവര്‍ക്ക് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ വേരിഫൈ ചെയ്തിട്ടുണ്ടെങ്കിലും കീഴാളരുടെ കാര്യത്തില്‍ ഇത് നൂറില്‍ കൂടില്ല.

ചര്‍ച്ച ഇവിടെവരെ എത്തിയപ്പോഴാണ് ഭീം ആദ്മി പ്രശ്‌നത്തില്‍ ഇടപെട്ടത്. അവര്‍ ട്വിറ്റര്‍ ഓഫിസിലെത്തുകയും പ്രതിഷേധ സൂചകമായി ഓഫിസ് പൂട്ടിയിടുകയും ചെയ്തു.


ദീര്‍ഘകാലമായി ദലിതര്‍ക്കെതിരേ വിവേചനം കാണിക്കുന്ന ട്വിറ്റര്‍ ഹെഡ് മനിഷ് മഹേശ്വരിക്കെതിരേ നേരത്തേ തന്നെ ദിലീപ് തിരിഞ്ഞിരുന്നു. ജാതിവാദിയും ദലിത് വിരുദ്ധനുമായ മനീഷിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് #SackManishMaheshwari എന്ന ഹാഷ് ടാഗിലായിരുന്നു പ്രചാരണം.

പ്രതിഷേധത്തില്‍ അശോക് കുംബ്ലെ, സുനില്‍ ഗെയ്ക്ക്‌വാദ്, വര്‍ഷ കാംബ്ലെ, മധു പവാര്‍ എന്നിവര്‍ പങ്കെടുത്തു. ഇത്തരം വിവേചനങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it