Latest News

ഭീമ കൊറേഗാവ് കേസ്: ജയില്‍പീഡനങ്ങള്‍ക്കെതിരേ സാഗര്‍ ഗോര്‍ഖെ നിരാഹാരസമരം തുടങ്ങി

ഭീമ കൊറേഗാവ് കേസ്: ജയില്‍പീഡനങ്ങള്‍ക്കെതിരേ സാഗര്‍ ഗോര്‍ഖെ നിരാഹാരസമരം തുടങ്ങി
X

തലോജ: 2018ലെ ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഗര്‍ ഗോര്‍ഖെ തലോജ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരസമരം തുടങ്ങി. ജയിലില്‍ ആവശ്യമായ ചികില്‍സ നല്‍കാത്തതും വിവേചനത്തിനും എതിരേയാണ് പ്രതിഷേധം. 2020 സപ്തംബര്‍ 7ന് കോണ്ട്വായില്‍നിന്നാണ് അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

മെയ് 20നാണ് അദ്ദേഹം നിരാഹാര സമരം തുടങ്ങിയതെന്ന് ജയില്‍ സൂപ്രണ്ട് യു ടി പവാറിനെ ഉദ്ധരിച്ച് ഹിന്ദു റിപോര്‍ട്ട് ചെയ്തു. താന്‍ പ്രതിദിന പരിശോധനക്ക് പോകുമ്പോഴാണ് പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഗോര്‍ഖെ തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. താന്‍ അയക്കുന്നതും തനിക്ക് ലഭിക്കുന്നതുമായ എല്ലാ കത്തുകളും പോലിസും നക്‌സല്‍വിരുദ്ധ സ്‌ക്വാഡും എന്‍ഐഎയും സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുന്നതായി അദ്ദേഹം തന്റെ പരാതിയില്‍ പറയുന്നു.

ബോംബെ ഹൈക്കോടതി വിധിയുണ്ടായിട്ടും തന്നെയും സഹതടവുകാരെയും വീടുകളിലേക്ക് ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നതാണ് ഒരു പരാതി. എന്നാല്‍ ഭീകരവാദ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കും നക്‌സല്‍ പ്രവര്‍ത്തകര്‍ക്കും ഗുണ്ടകള്‍ക്കും ഈ സൗകര്യം അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കുലറനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.

കുളിക്കാനും കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ലഭിക്കുന്നത് ഒരു ബക്കറ്റ് വെള്ളം മാത്രമാണെന്ന ആരോപണം സൂപ്രണ്ട് നിഷേധിച്ചു.

'സാഗര്‍ ഗോര്‍ഖെയെ സുരക്ഷാ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതിനോട് ചേര്‍ന്ന് ദിവസം മുഴുവന്‍ വെള്ളം ലഭിക്കുന്ന ടാങ്കുണ്ട്. മറ്റേതൊരു തടവുകാരനേക്കാളും കൂടുതല്‍ വെള്ളം അയാള്‍ക്ക് ലഭ്യമാണ്. മറ്റുള്ളവര്‍ക്ക് രണ്ട് കുപ്പി വെള്ളം കുടിക്കാന്‍ നല്‍കുമ്പോള്‍ ഇവിടെ ഒരു ടാപ്പുതന്നെയുണ്ട്. കൂടുതല്‍ വെള്ളം ആവശ്യമുണ്ടെങ്കില്‍, ഒരു കാന്റീനുണ്ട്, അവിടെ നിന്ന് അയാള്‍ക്ക് വെള്ളം വാങ്ങാം.'- സൂപ്രണ്ട് പറഞ്ഞു.

35കാരനായ അദ്ദേഹത്തിന് പുറംവേദന കലശലാണ്. അതിന് ജയില്‍ ആശുപത്രിയില്‍ ചികില്‍സ ലഭിക്കുന്നില്ല. ജെജെ ആശുപത്രിയിലേക്ക് പോകാനും അനുവദിക്കുന്നില്ലെന്നാണ് അടുത്ത പരാതി. ജയില്‍ ആശുപത്രി വലിയ സംവിധാനമുള്ളതാണെന്നും ആര്‍ക്കും ആരോഗ്യസംവിധാനങ്ങള്‍ നിഷേധിക്കില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

കബീര്‍ കലാ മഞ്ചിന്റെ പ്രവര്‍ത്തകനാണ് സാഗര്‍ ഗോര്‍ഖെ. പൂനെയില്‍നിന്നുള്ള ജ്യോതി ജാഗ്താപ്, രമേശ് ഗെയ്‌ചോര്‍ എന്നിവര്‍ക്കൊപ്പമാണ് ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്.


Next Story

RELATED STORIES

Share it