Latest News

ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി നെതന്യാഹു

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക താവളം സന്ദര്‍ശിച്ച വേളയിലാണ് നെതന്യാഹു ഈ പരാമര്‍ശം നടത്തിയത്.

ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി നെതന്യാഹു
X

തെല്‍ അവീവ്: ജൂത രാഷ്ട്രത്തിനെതിരേ ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇവ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക താവളം സന്ദര്‍ശിച്ച വേളയിലാണ് നെതന്യാഹു ഈ പരാമര്‍ശം നടത്തിയത്.

അഴിമതിക്കേസില്‍ കുടുങ്ങി രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായ നെതന്യാഹു അതില്‍നിന്നു ശ്രദ്ധതിരിച്ചുവിടുന്നതിനാണ് ആരോപണമുന്നയിക്കുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു. തങ്ങളുടെ പ്രദേശത്തും തങ്ങള്‍ക്ക് എതിരായും ഇറാന്റെ ആക്രമണം തുടരുകയാണ്-നെതന്യാഹു പറഞ്ഞു.

ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ യുഎസ് ജനറല്‍ മാര്‍ക്ക് മില്ലി ഇസ്രായേലി സൈനിക മേധാവി അവീവ് കൊഹാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇസ്രായേലില്‍ എത്തിയ ദിവസമാണ് നെതന്യാഹുവിന്റെ പരാമര്‍ശം. ഇരു സൈനിക മേധാവികളും പ്രാദേശിക സംഭവ വികാസങ്ങളും മറ്റും ചര്‍ച്ച ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ മേഖലയില്‍ കടന്നു കയറുന്നതില്‍നിന്ന് ഇറാനെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു ഇസ്രായേല്‍ പിടിച്ചടക്കിയ ഗോലാന്‍ കുന്നുകളെ പരാമര്‍ശിച്ച് നെതന്യാഹു വ്യക്തമാക്കി.

വ്യോമ മാര്‍ഗമോ മറ്റോ നശീകരണായുധങ്ങള്‍ ഇറാനില്‍ നിന്ന് സിറിയയിലേക്ക് കൈമാറുന്നത് തടയാന്‍ ആവശ്യമായ നടപടികളും ഇതില്‍ ഉള്‍പ്പെടും. ഇറാഖിനെയും യെമനെയും റോക്കറ്റുകളും മിസൈലുകളും വിക്ഷേപിക്കുന്നതിനുള്ള താവളങ്ങളാക്കാനുള്ള ഇറാന്‍ ശ്രമത്തെ തടയാന്‍ നടപടി സ്വീകരിക്കും. ഇറാനിയന്‍ സേനയ്ക്കും സിറിയയിലെ സിറിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്കുമെതിരെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തിയതായി ബുധനാഴ്ച ഇസ്രയേല്‍ അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മോണിറ്ററിങ് ഗ്രൂപ്പ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.




Next Story

RELATED STORIES

Share it