Latest News

ബാരിയര്‍ ഫ്രീ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, മാലിന്യനിര്‍മാര്‍ജനം: ടൂറിസത്തിന്റെ മൂന്ന് നയങ്ങള്‍ പ്രഖ്യാപിച്ച് ടൂറിസം മന്ത്രി കടകംപള്ളി

ബാരിയര്‍ ഫ്രീ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, മാലിന്യനിര്‍മാര്‍ജനം: ടൂറിസത്തിന്റെ മൂന്ന് നയങ്ങള്‍ പ്രഖ്യാപിച്ച് ടൂറിസം മന്ത്രി കടകംപള്ളി
X

തിരുവനന്തപുരം: കേരളത്തിലേക്ക് വരുമാനം എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ടൂറിസം മേഖലയില്‍ മൂന്ന് നയങ്ങള്‍ പ്രഖ്യാപിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2019-20ല്‍ 45,010.69 കോടി രൂപ വരുമാനമുണ്ടാക്കിയ മേഖലയെ വീണ്ടും വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നയം നടപ്പാക്കുന്നത്.

2017ല്‍ ആവിഷ്‌കരിച്ച തടസ്സരഹിത (ബാരിയര്‍ ഫ്രീ) ടൂറിസം പദ്ധതിയാണ് ഒന്നാമത്തെ നയം. ഇതിനായി അന്താരാഷ്ട്ര ബാരിയര്‍ ഫ്രീ മാനദണ്ഡങ്ങള്‍ മേഖലയില്‍ നടപ്പാക്കും. ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദം ആക്കുന്ന നയം രൂപീകരിക്കും. 2021 മാര്‍ച്ച് ആകുമ്പോള്‍ 120 വിനോദസഞ്ചാരകേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുക എന്നാണ് ലക്ഷ്യം. പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അതിന്റെ ഭാഗമായി 69 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമായി. ശേഷിക്കുന്ന 51 കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഉത്തരവാദിത്ത ടൂറിസമാണ് അടുത്ത നയം. 2008ല്‍ നാല് സ്ഥലങ്ങളില്‍ തുടങ്ങിയ ഉത്തരവാദിത്ത ടൂറിസം മിഷന്‍ 2011ല്‍ മൂന്നു കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. 2020 നവംബറില്‍ 20,098 യൂണിറ്റുകള്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ 36,815 പേര്‍ക്ക് നേരിട്ടും 63,915 പേര്‍ക്ക് അല്ലാതെയും ഗുണഫലം ലഭിച്ചു. 1,00,730 പേര്‍ക്ക് പ്രാദേശികതലത്തില്‍ വരുമാന സ്രോതസ്സ് കൈവരിക്കാനും സാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയിലൂടെ 36 കോടിയോളം രൂപ പ്രാദേശികതലത്തില്‍ വരുമാനം ലഭിച്ചു എന്നാണ് കണക്കാക്കുന്നത്. അയ്മനം ഗ്രാമപഞ്ചായത്തിനെ ആദ്യത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ടൂറിസം കേന്ദ്രത്തിലെ മാലിന്യനിര്‍മാര്‍ജനത്തിനായി പ്രത്യേക പരിഗണന നല്‍കുന്നതാണ് മൂന്നാമത്തെ നയം. ഗ്രീന്‍ കാര്‍പെറ്റ് എന്ന പദ്ധതിയുടെ ഭാഗമായി 79 തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 4.79 കോടി രൂപ ചെലവില്‍ ജൈവ അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ 12 പ്രധാന കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൗചാലയങ്ങളും നിര്‍മിക്കും.

Next Story

RELATED STORIES

Share it