Top

ബംഗളുരു: അശാന്തിക്ക് കാരണം മതനിന്ദയും പോലീസിന്റെ അവഗണനയും; എസ്ഡിപിഐ

പോലീസിന്റെ അശ്രദ്ധയും വിവേചനവുമാണ് അനിയന്ത്രിതമായ സാഹചര്യത്തിന് കാരണമായത്.

ബംഗളുരു: അശാന്തിക്ക് കാരണം മതനിന്ദയും പോലീസിന്റെ അവഗണനയും; എസ്ഡിപിഐ
X

ബംഗളുരു: ബംഗളുരു ഡി.ജെ ഹള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മതനിന്ദയെയും പോലിസ് വെടിവെപ്പിനെയും, പ്രതിയെ സംരക്ഷിക്കാന്‍ പോലിസ് നടത്തിയ നാടകത്തെയും എസ്.ഡി.പി.ഐ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റംഗവുമായ അബ്ദുല്‍ ഹന്നാന്‍ അപലപിച്ചു. പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസിന്റെ അനന്തരവന്‍ നവീന്‍, ഇസ്‌ലാമിനെതിരെ അപകീര്‍ത്തികരവും അപമാനകരവുമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമായത്. അന്നു രാത്രി ഏഴിന് ഡിജെ ഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രാത്രി 11.30 ന് പോലും കുറ്റവാളിയെ അറസ്റ്റ് ചെയ്തില്ല.

തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടം പ്രകോപിതരാകാന്‍ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഉടനെ തന്നെ പോലീസ് അവിടെ കൂടിയ ജനങ്ങള്‍ക്കെതിരേ വെടിവെച്ചതിനെത്തുടര്‍ന്ന് മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പോലീസ് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവം ഒഴിവാക്കാമായിരുന്നെന്ന് ഹന്നാന്‍ പറഞ്ഞു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്ന് ടിജിആര്‍ പോലീസ് 10 മിനിറ്റിനുള്ളില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവിടെ പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ പക്ഷപാതിത്വം കാരണമോ തന്ത്രപൂര്‍വം അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. പോലീസിന്റെ അശ്രദ്ധയും വിവേചനവുമാണ് അനിയന്ത്രിതമായ സാഹചര്യത്തിന് കാരണമായത്.

കാല്‍മുട്ടിന് താഴെ വെടിവയ്ക്കുന്നതിനുപകരം പ്രതിഷേധക്കാരുടെ നെഞ്ചിലേക്കാണ് പോലിസ് വെടിവെച്ചത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെയും കേഡര്‍മാരെയും അനാവശ്യമായി സംഭവത്തിലേക്ക് വലിച്ചിഴച്ച പോലീസിന്റെ പക്ഷപാതപരമായ നടപടിയെ എസ്.ഡി.പി.ഐ അപലപിച്ചു. എസ്.ഡി.പി.ഐ നേതാക്കള്‍ പോലീസിന്റെയും പ്രാദേശിക പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ ജനക്കൂട്ടത്തെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിന്റെ പരാജയം മറച്ചുവെക്കുന്നതിന് പ്രശ്‌നം വഴിതിരിച്ചുവിട്ട് എസ്ഡിപിഐയെ കരുവാക്കുകയാണ്. ഇത്തരം നീക്കങ്ങളിലൂടെ നീതി, സമത്വം, വികസനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ നേതാക്കളുടെയും കേഡര്‍മാരുടെയും പ്രതിബദ്ധതയെയും അര്‍പ്പണമനോഭാവത്തെയും ഇല്ലാതാക്കാമെന്നത് മൗഢ്യമാണ്. കുറ്റവാളിയായ നവീനിനെതിരേ മതനിന്ദ, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുക, അറസ്റ്റിലായ നിരപരാധികളെ ഉടന്‍ വിട്ടയക്കുക, സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുക, മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കുക, അടിസ്ഥാന രഹിതവും നിന്ദ്യവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും അബ്ദുല്‍ ഹന്നാന്‍ ഉന്നയിച്ചു.
Next Story

RELATED STORIES

Share it