Latest News

സര്‍വകലാശാലയിലെ സംവരണ വിരുദ്ധതക്കെതിരേ ലേഖനം: ഡോ. കെ.എസ് മാധവന് കാലിക്കറ്റ് സര്‍വകലാശാലയുടെ കാരണംകാണിക്കല്‍ നോട്ടിസ്

സര്‍വകലാശാലയിലെ സംവരണ വിരുദ്ധതക്കെതിരേ ലേഖനം: ഡോ. കെ.എസ് മാധവന് കാലിക്കറ്റ് സര്‍വകലാശാലയുടെ കാരണംകാണിക്കല്‍ നോട്ടിസ്
X

കോഴിക്കോട്: രാജ്യത്തെ സര്‍വകലാശാലകളില്‍ സംവരണം പാലിക്കാതെ നിയമനങ്ങള്‍ നടത്തുന്നതിനെതിരേ ലേഖനമെഴുതിയ കോഴിക്കോട് സര്‍വകലാശാല ചരിത്രാധ്യാപകന്‍ ഡോ. കെ എസ് മാധവനെതിരേ സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ എന്ന ലേഖനത്തിനെതിരേയാണ് സര്‍വകലാശാല നോട്ടിസ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 21ന് മാധ്യമം എഡിറ്റോറിയല്‍ പേജില്‍ പ്രഫ. പി കെ പോക്കറുമായി ചേര്‍ന്നാണ് ഡോ. മാധവന്‍ ലേഖനമെഴുതിയത്. ഒരാഴ്ചയ്ക്കുള്ള വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ലേഖനം പ്രസിദ്ധീകരിക്കുക വഴി സര്‍വ്വകലാശാലയുടെ സല്‍പ്പേരിനു കളങ്കം വരുത്തിയെന്ന കുറ്റമാണ് മാധവനെതിരേ ചുമത്തിയിരിക്കുന്നത്.

സംവരണ മാനദണ്ഡങ്ങളും മെറിറ്റ് അട്ടിമറിയും നടത്തി കേരളത്തിലെ സര്‍വകലാശാലകളില്‍ സ്വാധീനമുള്ളവരെ തിരികിക്കയറ്റുകയാണെന്ന വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല അധ്യപകന്‍ കൂടിയായ മാധവന്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. കോഴിക്കോട് സര്‍വകലാശാലയില്‍ സിണ്ടിക്കേറ്റിന്റെ അനുമതിയോടെ നടന്ന നിയമനവും ഇതേ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

കേരളത്തിലെ ചരിത്രപഠന രംഗത്ത് ശക്തമായ ധൈഷണികസ്വാധീനമായ മാധവന്‍ കീഴാള വിരുദ്ധതക്കെതിരേ പരസ്യമായി നിലപാടുത്ത ബുദ്ധിജീവിയുമാണ്.

ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവര്‍ത്തകര്‍ സാമൂഹിക നീതിക്കും, ഉള്‍കൊള്ളല്‍ നയത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം പോലുള്ള ഒരു സംസ്ഥാനതു എഴുത്തിന്റെ പേരില്‍ പ്രതികാര നടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തിരമായി ഈ മെമോ പിന്‍വലിക്കുകയും തെറ്റുകള്‍ അവര്‍ത്തിക്കാതിരിക്കുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ വിവേകം കാണിക്കണമെന്ന് ലേഖനത്തിന്റെ സഹ എഴുത്തുകാരന്‍ പ്രഫ. പി കെ പോക്കര്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it