Latest News

നിരപരാധിയെ മോശക്കാരനാക്കി; അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി അടച്ചുപൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതി

നിരപരാധിയെ മോശക്കാരനാക്കി; അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി അടച്ചുപൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതി
X

ന്യൂഡല്‍ഹി: തന്റെ ടിവി ഷോയിലൂടെ നിരപരാധിയായ യുവാവിനെ മോശമായി ചിത്രീകരിച്ച അര്‍ണബ് മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ (എന്‍ബിഎസ്എ) മുന്നറിയിപ്പ് നല്‍കിയതായി റിപോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചു കൊണ്ട് അര്‍ണബ് നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത പരാതിക്കാരന്റെ മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും, ഉപദ്രവാകരിയെന്നും മറ്റും വിശേഷിപ്പിച്ചതാണ് പരാതിക്ക് ആധാരം. തങ്ങളുടെ റിപോര്‍ട്ടര്‍ ശിവാനി ഗുപ്തയെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്ന കാരണത്താലാണ് അന്ന് റാലിയില്‍ പങ്കെടുത്ത യുവാവിനെ മോശക്കാരനാക്കിയതിന് റിപബ്ലിക്ക് ടിവി നല്‍കിയ വിശദീകരണം.

സംഭവത്തില്‍ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടാനും ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് എന്‍ബിഎസ്എ ആവശ്യപ്പെടുമെന്നും ജന്‍താ കാ റിപ്പോര്‍ട്ടര്‍ റിപോര്‍ട്ടു ചെയ്യുന്നു.

പ്രതിഷ്ട സിങ് എന്ന യുവതിയാണ് തന്റെ ഭര്‍ത്താവിനെ അര്‍ണബ് ചാനല്‍ ചര്‍ച്ചയ്ക്കിടെ മോശക്കാരനാക്കി ചിത്രീകരിച്ചതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജിഗ്നേഷ് മേവാനിയുടെ റാലി പരാജയമായിരുന്നുവെന്നായിരുന്നു 2018 ജനുവരി 9ന് പ്രക്ഷേപണം ചെയ്ത റിപ്പബ്ലിക് ടിവിയുടെ ചര്‍ച്ചാ വിഷയം. രാവിലെ റാലി റിപോര്‍ട്ട് ചെയ്യാനെത്തിയ റിപബ്ലിക്ക് ചാനലിനോടും റിപോര്‍ട്ടറോടും തങ്ങള്‍ മാധ്യമസംസ്‌കാരത്തിന് ചേരാത്ത വാര്‍ത്തകളാണ് പടച്ചുവിടുന്നതെന്ന് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു വൈകീട്ട് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. തുടര്‍ന്നാണ് പ്രതിഷ്ട സിങ്ങിന്റെ ഭര്‍ത്താവായ എ സിങ്ങിനെതിരേ മോശം പരാമര്‍ശം നടത്തിയത്.

തുടര്‍ന്ന് തന്നെ അപമാനിച്ചതില്‍ റിപ്പബ്ലിക് ടിവിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍ബിഎസ്എയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി സ്വീകരിച്ച് എന്‍ബിഎസ്എ റിപ്പബ്ലിക് ടിവിയോട് സപ്തംബര്‍ 7മുതല്‍ 14വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ സമിതിയുടെ നിര്‍ദേശത്തെ മറികടന്ന് റിപ്പബ്ലിക് ടിവി പുനപരിശോധനാ ഹരജി നല്‍കുകയാണുണ്ടായത്. പുനപരിശോധനാ ഹരജി സമിതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പുതിയ ഭീഷണിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തനിക്ക് എന്‍ബിഎസ്എയില്‍ നിന്നും ഇതേക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് തന്റെ ബിസിനസ് പങ്കാളി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള മൈനേഷന്‍ എന്ന വെബ്‌സൈറ്റിനോട് അര്‍ണാബ് ഗോസ്വാമി പറഞ്ഞു.

Next Story

RELATED STORIES

Share it