Latest News

അറഫാസംഗമം അല്‍പ സമയത്തിനകം; പ്രാര്‍ഥനാ മുഖരിതമായി വിശുദ്ധനഗരി

അറഫാസംഗമം അല്‍പ സമയത്തിനകം; പ്രാര്‍ഥനാ മുഖരിതമായി വിശുദ്ധനഗരി
X

മക്ക: പ്രാര്‍ഥനാ മഹാസംഗമത്തിന്റെ ദിവ്യചൈതന്യത്തില്‍ അറഫാ മണല്‍ത്തരികള്‍. നാഥന്റെ വിളിക്കുത്തരമേകി ഹജ്ജാജിമാര്‍ അറഫയിലേക്ക് പ്രവഹിക്കുകയാണ്. സുബ്ഹി നമസ്‌കാര ശേഷം പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങിത്തുടങ്ങി. സൗദിയിലെ ളുഹ്ര്‍ നിസ്‌കാരത്തോടെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ആരംഭിക്കും.

ലോകത്തെ ഏറ്റവും വലിയ പ്രര്‍ഥനാസംഗമമായ അറഫാ സമ്മേളനത്തില്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇതൃതവണ അറുപതിനായിരം പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്. അറഫാദിനം മുഴുവനും വിശ്വാസികള്‍ ഇവിടെ പ്രാര്‍ഥനയില്‍ മുഴുകും.

മക്ക ഇമാം ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല അറഫ പ്രസംഗത്തിന് നേതൃത്വം നല്‍കും. സൂര്യാസ്തമനത്തോടെ വിശ്വാസികള്‍ മുസ്ദലിഫയിലേക്ക് തിരിക്കും.

ദൈവിക സമര്‍പ്പണത്തിന്റെ ഉദാത്ത സന്ദേശങ്ങളുമായാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മവും ബലിപെരുന്നാളും സമാഗതമായത്. മണ്ണിലും വിണ്ണിലും ഇബ്‌റാഹീമീ ത്യാഗത്തിന്റെ ജാജ്ജ്വല സ്മരണകള്‍ പ്രാര്‍ഥനാ മന്ത്രങ്ങളായൊഴുകുന്നു. അല്ലാഹുവിലേക്കുള്ള അടിമയുടെ സഞ്ചാരവും സമ്പൂര്‍ണ്ണ സമര്‍പ്പണമാകുന്നു, ഹജ്ജ്. നാഥന്റെ സവിധത്തിലേക്ക് മനസ്സിനെയും ശരീരത്തെയും പ്രാര്‍ഥനകളാല്‍ പാകപ്പെടുത്തിയാണ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചത്.

ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഹജ്ജും അനുബന്ധ ചടങ്ങുകളും. അതീവ ആരോഗ്യ ജാഗ്രതയോടെയാണ് തീര്‍ത്ഥാടകരെ പ്രത്യേക ബസ്സുകളില്‍ തമ്പുകളുടെ നഗരമായ മിനയിലും തുടര്‍ന്ന് അറഫയിലും എത്തിച്ചത്.

കേരളത്തില്‍ ബുധനാഴ്ചയാണ് ബലി പെരുന്നാള്‍.

Next Story

RELATED STORIES

Share it