Latest News

പോലിസ് ആക്റ്റ് ഭേദഗതി: പുനഃപരിശോധന വരെ 118 എ പ്രകാരം കേസെടുക്കരുതെന്ന് ഹൈകോടതി; സമ്മതം മൂളി കേരള സര്‍ക്കാര്‍

പോലിസ് ആക്റ്റ് ഭേദഗതി: പുനഃപരിശോധന വരെ 118 എ പ്രകാരം കേസെടുക്കരുതെന്ന് ഹൈകോടതി; സമ്മതം മൂളി കേരള സര്‍ക്കാര്‍
X

തിരുവനന്തപുരം: പുനപ്പരിശോധിക്കുന്ന സാഹചര്യത്തിലും ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതിനാല്‍ 118എ പ്രകാരം ആര്‍ക്കെതിരേയും കേസെടുക്കരുതെന്ന് ഹൈക്കോടതി. പുതിയ സാഹചര്യത്തില്‍ 118എ പ്രകാരം കേസെടുക്കില്ലെന്ന് സംസ്ഥാന അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിക്ക് ഉറപ്പുനല്‍കി.

കേരള പോലിസ് ആക്റ്റ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ വിവിധ കക്ഷികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ നാടകീയമായ ഇടപെല്‍. ഹരജി സര്‍ക്കാര്‍ പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ബുധനാഴ്ച വരെ കേസ് നീട്ടിവയ്ക്കണമെന്നും കേരള സര്‍ക്കാരിനു വേണ്ടി അഡി. അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. അങ്ങനെയാവാമെന്നും എന്നാല്‍ അതുവരെ 118 എ പ്രകാരം കേസെടുക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് ഉറപ്പുനല്‍കിയത്.

ചീഫ് ജസ്റ്റിസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയുമാണ് കേസ് കേട്ടത്.

കേസ് ചൊവ്വാഴ്ച പരിഗണനയ്ക്കു വന്നപ്പോള്‍ ഓര്‍ഡിനന്‍സ് പുനപ്പരിശോധിക്കും വരെ കേസ് മാറ്റിവയ്ക്കണമെന്ന് അഡീ. അക്കൗണ്ടന്റ് ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. രണ്ട് ദിവസത്തെ ഇടവേളയാണ് സര്‍ക്കാര്‍ വക്കീല്‍ ചോദിച്ചത്.

എന്നാല്‍ ഓര്‍ഡിനന്‍സ് നിലവിലുണ്ടെന്നും ഏതൊരു പോലിസുകാരനും ഈ വകുപ്പുപ്രകാരം കേസെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് മാറ്റിവയ്ക്കണമെങ്കില്‍ കേസെടുക്കില്ലെന്ന് സബ്മിഷന്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. അഡീ. അഡ്വക്കേറ്റ് ജനറല്‍ അത് അംഗീകരിച്ചു. കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു.

വ്യാജവാര്‍ത്തകളെ നിയന്ത്രിക്കാനെന്ന പേരിലാണ് സംസ്ഥാനസര്‍ക്കാര്‍ കേരള പോലിസ് ആക്റ്റില്‍ ഭേദഗതി വരുത്തിയത്.

പുതിയ നിയമഭേദഗതിപ്രകാരം ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പോസ്റ്റ് ഇടുകയാണെങ്കില്‍ അവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിയും. കുറ്റവാളിയായവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താം. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി താല്‍ക്കാലികമായി ഓര്‍ഡിനന്‍സ് മരവിപ്പിച്ചു.

Next Story

RELATED STORIES

Share it