Latest News

മനീഷ് സിസോദിയയോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന ആരോപണം; നിധേഷക്കുറിപ്പുമായി സിബിഐ

മനീഷ് സിസോദിയയോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന ആരോപണം; നിധേഷക്കുറിപ്പുമായി സിബിഐ
X

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ സിബിഐ തന്നോട് ആം ആദ്മി പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വെളിപ്പെടുത്തലിനെതിരേ സിബിഐ. സിസോദിയയെ ചോദ്യം ചെയ്തത് തികച്ചും പ്രൊഫഷണലും നിയമപരവുമായ രീതിയിലായിരുന്നെന്നും അന്വേഷണം നിയമപരമായിത്തന്നെ മുന്നോട്ടുപോകുമെന്നും സിബിഐയുടെ നിഷേധക്കുറിപ്പില്‍ വ്യക്തമാക്കി.

'സി.ബി.ഐ ഈ ആരോപണങ്ങളെ ശക്തമായി നിരാകരിക്കുന്നു. എഫ്‌ഐആറില്‍ സിസോദിയയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അനുസരിച്ച് കര്‍ശനമായും പ്രൊഫഷണലും നിയമപരവുമായ രീതിയിലാണ് അദ്ദേഹത്തിന്റെ വിസ്താരം നടത്തിയതെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. കേസിന്റെ അന്വേഷണം നിയമപ്രകാരം തുടരും.'- സിബിഐ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

'ഓപ്പറേഷന്‍ ലോട്ടസ്' നടത്തിയെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പ് ഇറക്കിയാല്‍ ആളുകള്‍ അമ്പരക്കും. എക്‌സൈസ് നയത്തിലായിരുന്നില്ല അവരുടെ ശ്രദ്ധ... പൂര്‍ണമായും കെട്ടിച്ചമച്ച കഥകളാണ്- സിസോദിയ പറഞ്ഞു.

എഎപി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകള്‍ ഉണ്ടാകുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സിസോദിയ പറയുന്നത്. സത്യേന്ദര്‍ ജെയിനിന്റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചതായും സിസോദിയ പറഞ്ഞു.

ഡല്‍ഹി മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐ ആസ്ഥാനത്ത് ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഓഫിസിന് പുറത്ത് പ്രതിഷേധിച്ച ആം ആദ്മി നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.

ആം ആദ്മി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം റാലിയായി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്. 11.30ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സിബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഇനിയും ചോദ്യം ചെയ്യാന്‍ ഹാജരാകണോ എന്ന കാര്യം സിബിഐ പിന്നീട് അറിയിക്കും.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് കേന്ദ്ര നീക്കമെന്നും മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികള്‍ക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് സിബിഐയെ ഇറക്കിയുള്ള ബിജെപി നടപടി എന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫിസും ബാങ്ക് ലോക്കറും സിബിഐ ഒരുമാസം മുമ്പ് പരിശോധിച്ചിരുന്നു. എന്നാല്‍, പരിശോധനകളില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

Next Story

RELATED STORIES

Share it